കൊൽക്കത്ത: കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ച പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ തൽസ്ഥാനത്തുനിന്ന് വിരമിച്ചു. അദ്ദേഹം ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ആയി പ്രവർത്തിക്കും.
മമതാ ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാൾ ചീഫ് സെക്രട്ടറിയെ ഡൽഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. ഇന്ന് വിരമിക്കാനിരുന്ന ബന്ദോപാധ്യായയ്ക്ക് മൂന്ന് മാസത്തേക്ക് മമത സർക്കാർ സർവീസ് നീട്ടി നൽകിയിരുന്നു. അതിനിടയിലാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിർദ്ദേശം പാലിക്കില്ലെന്ന് മമത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കാനുള്ള തീരുമാനം.
ബന്ദോപാധ്യായ വിരമിച്ച ഒഴിവിൽ എച്ച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.
‘അദ്ദേഹത്തെ തിരിച്ചുവിളിച്ച നടപടി ഞെട്ടലുണ്ടാക്കി. കേന്ദ്ര സർക്കാർ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതിനാൽ കോവിഡ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സേവനം ബംഗാളിൽ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. കോവിഡിന്റെയും യാസ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് ആവശ്യമുണ്ട്. ജോലി ചെയ്യുന്നതിനായി ജീവിതം സമർപ്പിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നത്. അവർ കരാർ തൊഴിലാളികളാണോ ? നിരവധി ബംഗാൾ കേഡർ ഉദ്യോഗസ്ഥർ കേന്ദ്ര സർവീസിൽ ഇല്ലേ ? ആരോടും ആലോചിക്കാതെ ഞാൻ അവരെ തിരിച്ച് വിളിച്ചാൽ എന്താകും സ്ഥിതി .. മിസ്റ്റർ പ്രൈം മിനിസ്റ്റർ, തിരക്കുള്ള പ്രധാനമന്ത്രി, മൻ കി ബാത്ത് പ്രധാനമന്ത്രീ …’ മമത പരിഹസിച്ചു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിളിച്ചുചേർത്ത അവലോകന യോഗത്തിൽനിന്ന് മമത വിട്ടുനിന്നതിന് പിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചത്. ഇന്ന് രാവിലെ പത്തിന് കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. അവലോകന യോഗത്തിൽനിന്ന് വിട്ടുനിന്ന മമത ഹെലിപ്പാഡിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മറ്റൊരു യോഗത്തിൽ പങ്കെടുക്കാൻ അവർ പോകുകയും ചെയ്തു. മമതയുടെ പെരുമാറ്റത്തിൽ കടുത്ത വിമർശമുന്നയിച്ച് തൊട്ടുപിന്നാലെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഒരു പ്രധാനമന്ത്രിയോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടാവില്ലെന്ന് അവർ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചത്.