റഷ്യയുടെ ബോംബ് ആക്രമണത്തില്‍ വഴിപിരിഞ്ഞു; പ്രാണരക്ഷാര്‍ത്ഥമുള്ള പരക്കം പാച്ചില്‍ പോളണ്ടില്‍ എത്തിച്ചു, ഒടുവില്‍ കണ്ടുമുട്ടി മലയാളി സഹോദരങ്ങള്‍

കൊല്ലം: യുക്രൈനില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബ് ആക്രമണത്തില്‍ വേര്‍പിരിഞ്ഞു പോയ സഹോദരങ്ങള്‍ പോളണ്ടില്‍ കണ്ടുമുട്ടി. ഓച്ചിറ പായിക്കുഴി ഡയമണ്ട് ബിനുവിന്റെയും ബിജിയുടെയും മക്കളായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ആസിഫുമാണ് പോളണ്ടിലെ മില്ലേനിയം ഹോട്ടലില്‍ വീണ്ടും കണ്ടുമുട്ടിയത്.

മനസ് നിറയ്ക്കുന്ന ഒരു നിമിഷം കൂടിയായിരുന്നു ഇരുവരുടെയും ആ കൂടിക്കാഴ്ച. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് മുഹമ്മദ് അസ്ഹര്‍ (21). അനുജന്‍ മുഹമ്മദ് ആസിഫ് (19) അതേ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ്.

വേര്‍പിരിഞ്ഞുപോയ സംഭവം ഇങ്ങനെ;

അസ്ഹര്‍ ഹാര്‍കിവ് നൗക്കോവ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനിലെ ബങ്കറില്‍നിന്ന് ഹോസ്റ്റലിലേക്ക് പോകാനായി പുറത്തിറങ്ങവെയായിരുന്നു ബോംബ് വര്‍ഷം. അവിടെനിന്നു രക്ഷപ്പെട്ട അസ്ഹര്‍ പോളണ്ടിലെത്തി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അസ്ഹറിനെ മധ്യ പോളണ്ടിലെ തരാസ്‌ക്കയിലുള്ള ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തിച്ചു.

എന്നാല്‍, ദിവസങ്ങള്‍കഴിഞ്ഞ് പോളണ്ടിലെത്തിയ അനുജന്‍ ആസിഫിന് അഭയം ലഭിച്ചത് പോളണ്ടിലെ എയര്‍ പോര്‍ട്ടിനു സമീപമുള്ള മില്ലേനിയം ഹോട്ടലിലായിരുന്നു. തരാസ്‌ക്ക ഉള്‍പ്രദേശമായതിനാല്‍ ഫോണിലും നെറ്റ് വഴിയും ഇരുവര്‍ക്കും പരസ്പരം ബന്ധപ്പെടാനായില്ല. കഴിഞ്ഞ ദിവസം അസ്ഹറിന് നാട്ടിലേക്കെത്താനുള്ള വിമാന ടിക്കറ്റ് ശരിയായി.

എംബസി ഉദ്യോഗസ്ഥര്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ മില്ലേനിയം ഹോട്ടലില്‍ എത്തിച്ചു. അവിടെവെച്ച് അപ്രതീക്ഷിതമായാണ് അസ്ഹര്‍ അനുജന്‍ ആസിഫിനെ കണ്ടുമുട്ടിയത്. അസ്ഹറിന് ശനിയാഴ്ച പോളണ്ടിലെ സമയം വൈകീട്ട് മൂന്നിനു പുറപ്പെടുന്ന ഇന്‍ഡിഗോ എയര്‍വേയ്‌സില്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വന്നിറങ്ങും, അതേസമയം, ആസിഫിന് ടിക്കറ്റ് ലഭ്യമായിട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News