ദാദ്രി: പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവം കളിക്കുകയാണെന്നും മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുകയാണെന്നും ആരോപിച്ച് രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു ഖാര്‍ഗെ.
‘രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പോലും ജനങ്ങള്‍ മോദിയുടെ മുഖം കാണുന്ന രീതിയില്‍ അദ്ദേഹം എല്ലായിടത്തും സര്‍വ്വവ്യാപിയായിരിക്കുകയാണ്. പത്ത് അവതാരങ്ങളുള്ള വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാവാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ‘ദൈവം കളിച്ച്’ ആളുകളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ആളുകള്‍ വിഡ്ഢികളല്ല. അവര്‍ക്ക് അദ്ദേഹത്തിന്റെ കള്ളങ്ങളും വഞ്ചനയും കൃത്യമായി മനസ്സിലാക്കാനാകും’, ഖാര്‍ഗെ പറഞ്ഞു.
മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാര്‍ട്ടിയും മതത്തിന്റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ‘മോദിയും ബിജെപിയും ആളുകളെ തരംതിരിക്കാനും വിദ്വേഷം ഉണ്ടാക്കാനും മതത്തെ ഉപയോഗിക്കുകയാണ്. രാജ്യത്തിന്റെ വികസനമോ ജനങ്ങളുടെ ക്ഷേമമോ അല്ല, അവര്‍ അവരുടെ ശക്തിയും അജണ്ടയും മാത്രമാണ് പരിഗണിക്കുന്നത്. എന്നാല്‍, മതവും രാഷ്ട്രീയവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ നല്ലതും ചീത്തതും വേര്‍തിരിക്കാന്‍ കഴിയാതെയാവും’, അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെയും നേതാക്കളെയും ബിജെപി ഭയക്കുന്നതുകൊണ്ടാണ് അവര്‍ എപ്പോഴും തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബിജെപി നേതാക്കളുടെ സ്വപ്‌നത്തില്‍ വരുകയും അവരുടെ ഉറക്കം കെടുത്തുകയുമാണ്.
ഈ ഭയം കാരണമാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അസമിലെ പാര്‍ട്ടിയുടെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയും പോസ്റ്ററുകള്‍ കീറുകയും കൊടികള്‍ മാറ്റുകയും ചെയ്തു’, അദ്ദേഹം പറഞ്ഞു.
‘അസമില്‍ മാത്രമല്ല, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലെ സന്ദര്‍ശനത്തിനെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് അവരെ ഭയമില്ല. ജനങ്ങളുടെ അവകാശത്തിനും ദുര്‍ഭരണത്തിനുമെതിരെ ഞങ്ങള്‍ പോരാട്ടം തുടര്‍ന്നുക്കൊണ്ടേയിരിക്കും’, ഖാര്‍ഗെ വ്യക്തമാക്കി.