NationalNews

AICC president polls:അങ്കത്തട്ടൊരുങ്ങി,രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ച് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ

ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജുൻ ഖാര്‍ഗെ. ജയ്പൂര്‍ സമ്മേളനത്തിൽ എടുത്ത ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം പാലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയതിന് പിന്നാലെയാണ് രാജി നൽകിയത്. 

മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തിൽ പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുൾ വാസ്നിക് എന്നിവരിൽ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിച്ചേക്കും. ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക്  മത്സരിക്കാത്തത് ഈ തീരുമാനം കാരണമായിരുന്നു. പാര്‍ട്ടി അധ്യക്ഷനാവുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ഹൈക്കമാൻഡ് നിര്‍ദേശം കാരണമാണ് ഗലോട്ട് രാജിവച്ചത്. 

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക നൽകിയത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന തരൂർ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും.

നെഹ്റു കുടുംബത്തിൻ്റേയും ഹൈക്കമാൻഡിൻ്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നതായി പത്രികാ സമര്‍പ്പണത്തിന് ശേഷം ഖാർഗെ പറഞ്ഞിരുന്നു. നിരവധി നേതാക്കൾ തന്നെ പിന്തുണച്ചു. കുട്ടിക്കാലം മുതൽ കോൺഗ്രസിനായി നിലകൊണ്ടയാളാണ് ഞാൻ. കോൺഗ്രസിന്റെ ആശയത്തിനൊപ്പമാണ് എന്നും നിലകൊണ്ടത്. എല്ലാ വോർട്ടർമാരും തനിക്കായി വോട്ട് ചെയ്യണം. ഇന്ദിര ഗാന്ധിയെ പോലുള്ള നേതാക്കളിൽ നിന്ന് കിട്ടിയ ഊർജമാണ് തന്നെ കോൺഗ്രസ് നേതാവാക്കിയതെന്നും ഖാര്‍ഗ്ഗെ പറഞ്ഞു.

തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നതായും, 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തൻ്റെ പത്രികയിൽ ഒപ്പിട്ടുവെന്നും കശ്മീർ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കൾ തനിക്കായി ഒപ്പിട്ടെന്നും ശശി തരൂ‍ര്‍ പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button