കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ തുടരുകയാണ്. മാധ്യമങ്ങളിലൂടെ പ്രതികരിച്ചു വിഴുപ്പലക്കല്‍ തുടരുകയാണ് താരസംഘടനയില്‍. ഈ തര്‍ക്കം മുറുകവേ തുറന്നടിച്ച് മുതിര്‍ന്ന താരം മല്ലിക സുകുമാരന്‍ രംഗത്ത്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരന്‍ ആവശ്യപ്പെട്ടു.
കുക്കു പരമേശ്വരന്‍ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസില്‍ ഇത്രയും സിസിടിവി ക്യാമറകള്‍. അമ്മയില്‍ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. അന്‍സിബയുടെ മനസ്സില്‍ ആരോ വിഷം കുത്തി വച്ചു. അന്‍സിബയയെയും സരയുവിനെയും കമ്മിറ്റിയില്‍ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാര്‍ഥ്യം എന്ന് അറിയില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
അതേസമയം താര സംഘടനയിലെ വരവു ചെലവു കണക്കുകള്‍ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാര്‍വതിയും രംത്തുവന്നു. സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ സംഘടനയിലുണ്ട്. ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നും മാലാ പാര്‍വതി കുറ്റപ്പെടുത്തി. കണക്ക് വ്യക്തമാക്കാന്‍ ട്രഷറര്‍ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കണക്കുകള്‍ ബോധ്യപ്പെടുത്തിയില്ല. മഹാന്‍മാരായ നടന്‍മാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിന്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്ന പരിഹാരത്തിന് സീനിയര്‍ താരങ്ങള്‍ ഇടപെടണമെന്നും മാലാ പാര്‍വതി പറഞ്ഞു.
അതിനിടെ താരസംഘടന ‘അമ്മ’യുടെ കുടുംബസംഗമത്തില്‍ എറണാകുളം തൃക്കാക്കര വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ടൈറ്റില്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. ഇതില്‍ തെറ്റില്ലെന്നാണ് ടി ജി നന്ദകുമാര്‍ വ്യക്തമാക്കിയത്. സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങള്‍ ‘അമ്മ’ സംഘടനയ്ക്കുള്ളിലെ കാര്യമാണ്. അതില്‍ തങ്ങള്‍ പ്രതികരിക്കേണ്ടതില്ല. സ്പോണ്‍സര്‍ഷിപ്പ് തുകയുടെ ഒരുഭാഗം കൊടുത്തെന്നും ഇനിയും നല്‍കാന്‍ ബാക്കിയുണ്ടെന്നും നന്ദകുമാര്‍ പ്രതികരിച്ചു. തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ ആണ് ടി.ജി. നന്ദകുമാര്‍.
‘കരാര്‍ പരിശോധിച്ച് നിയമവശങ്ങള്‍ നോക്കിയാണ് ഒപ്പിട്ടത്. മറ്റ് സിനിമാ താരങ്ങള്‍ക്കൊപ്പം ശ്വേത ക്ഷേത്രത്തിലെ ഉത്സവത്തില്‍ രണ്ടുവര്‍ഷം മുമ്പ് പങ്കെടുത്തിട്ടുണ്ട്. ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് ചോദിച്ചത്. അവര്‍ നല്ലകാര്യമാണ് ചെയ്തത്. ‘അമ്മ’യിലെ 90% അംഗങ്ങള്‍ക്കും പെന്‍ഷന്‍ വര്‍ധിപ്പിക്കാനും മറ്റുമാണെന്ന് പറഞ്ഞാണ് ആവശ്യപ്പെട്ടത്. അവര്‍ ആ പണം എവിടെ ഉപയോഗിച്ചു എന്നതിന് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല’, നന്ദകുമാര്‍ പറഞ്ഞു.
‘പണത്തിന്റെ ഒരുഭാഗം കൊടുത്തു. മറ്റൊരു ഭാഗം ഇനിയും കൊടുക്കാനുണ്ട്. പരസ്യം ചെയ്തു. പക്ഷേ, കാര്യമായ പ്രാധാന്യം നല്‍കിയില്ല. കരാര്‍ ഉണ്ട്. അത് ലംഘിക്കാന്‍ പറ്റില്ല. മുമ്പൊന്നും ‘അമ്മ’ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിട്ടില്ല. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ക്ഷേത്രത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. സ്പോണ്‍സര്‍ഷിപ്പ് ആവശ്യപ്പെട്ടിട്ടില്ല. പ്രതിഫലം വാങ്ങിയാണ് ഇടവേള ബാബു പരിപാടിക്ക് എത്തിയത്. സൗജന്യമായി ഒരു അഭിനേതാവും അവിടെ എത്തിയിട്ടില്ല. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. കൈയില്‍ കൊടുക്കാറില്ല. ചിലര്‍ ജിഎസ്ടിയും വാങ്ങിക്കാറുണ്ട്’, നന്ദകുമാര്‍ വ്യക്തമാക്കി.
‘അന്‍സിബ, റസൂല്‍ പൂക്കുട്ടിയുടെ കൂടെ ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. അന്‍സിബ എന്നൊരു നടിയുണ്ട്, തുടക്കക്കാരിയാണ് എന്ന് ഒരു സ്പോണ്‍സര്‍ പറഞ്ഞു. അങ്ങനെയാണ് ക്ഷേത്രത്തില്‍കൊണ്ടുവന്നത്. പാവാടയൊക്കെ ഉടുത്തുനടക്കുന്ന കാലത്താണ് വന്നത്. സാമ്പത്തിക സഹായം വേണമെന്ന് പറഞ്ഞപ്പോള്‍ അതുംകൊടുത്തു’, നന്ദകുമാര്‍ പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തര്‍ക്കങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിലെ പരിപാടിയില്‍ അന്‍സിബ പങ്കെടുത്തപ്പോഴുണ്ടായ സംഭാഷണത്തെക്കുറിച്ചും നന്ദകുമാര്‍ പറഞ്ഞു. ‘അന്‍സിബ കഴിഞ്ഞ മേയ് രണ്ടിനും ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. ക്ഷേത്രത്തെ എതിര്‍ത്തിട്ടില്ല, പൊതുവായി മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് അവര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. റസൂല്‍ പൂക്കൂട്ടിക്ക് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ആദ്യം വിളിച്ച് ആദരിച്ചത് നമ്മളാണ്. ‘ഇവിടുത്തെ പരിഗണന അങ്ങനെയാണ്. താങ്കള്‍ തെറ്റിദ്ധരിച്ചു പറഞ്ഞുവെന്ന് താങ്കളുടെ ആളുകളുടെ ഇടയില്‍നിന്ന് വന്നു. ഞങ്ങള്‍ അതിനൊന്നും ശ്രദ്ധകൊടുത്തില്ല. അതൊന്നും ഞങ്ങളുടെ വിഷയമല്ല’, എന്ന് ഞാന്‍ അന്‍സിബയോട് പറഞ്ഞു’, എന്നായിരുന്നു നന്ദകുമാറിന്റെ വാക്കുകള്‍.
അമ്മ കുടുംബസംഗമത്തിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിനായി 75 ലക്ഷം രൂപയുടെ കരാറിലാണ് ‘അമ്മ’യെത്തിയത്. ട്രസ്റ്റ് ചെയര്‍മാനായ നന്ദകുമാറും ‘അമ്മ’ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനുമാണ് കരാറിലൊപ്പുവെച്ചത്. മതസ്ഥാപനങ്ങളില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കരാറിനെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് അമ്മയുടെ കുടുംബസംഗമം നടന്നത്. കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. കരാറിലെ ധാരണപ്രകാരം 30 ലക്ഷം ആദ്യഗഡുവായി ‘അമ്മ’യ്ക്ക് കൈമാറിയിരുന്നു. 45 ലക്ഷം ഇനിയും നല്‍കാന്‍ ബാക്കിയാണ്. കുടുംബസംഗമ വേദിയില്‍ ക്ഷേത്രത്തിന്റെ പരസ്യം വേണ്ട രീതിയില്‍ പ്രദര്‍ശിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബാക്കി പണം നല്‍കാതിരുന്നത്.
The crisis within the Malayalam movie artists’ association ‘AMMA’ has intensified with veteran actress Mallika Sukumaran and Maala Parvathi raising severe criticisms. Mallika Sukumaran stated that the ongoing disputes are highly embarrassing to face the public and urged senior actors Mammootty and Mohanlal to intervene immediately to resolve the issues. Meanwhile, actress Maala Parvathi demanded that the association must maintain transparency by releasing its income and expenditure accounts, adding substantial support to the ongoing protests within the organization.


