InternationalNews

ഇന്ത്യ കൈവിട്ടു,ചൈനയുടെ സഹായം തേടി മാലദ്വീപ്,കൂടുതല്‍ സഞ്ചാരികളെ അയയ്ക്കണമെന്ന് അഭ്യര്‍ത്ഥന

ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാനുള്ള ശ്രമം ശക്തമാക്കണെന്ന് ചൈനയോട് അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ മാലദ്വീപിന്റെ ടൂറിസം രംഗത്തിന് തിരിച്ചടി നേരിട്ടിരുന്നു. നിരവധി ഇന്ത്യന്‍ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലദ്വീപ് പ്രസിഡന്റ് ചൈനയുടെ സഹായം തേടിയത്.

അഞ്ചു ദിവസം നീണ്ട ചൈന സന്ദര്‍ശനത്തിനിടെ ഫുജിയാന്‍ പ്രവശ്യയില്‍ മാലദ്വീപ് ബിസിനസ് ഫോറം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുയിസു. ചൈന മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

‘ചൈന ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലും വികസന പങ്കാളികളിലും ഒന്നാണ്. കോവിഡിനു മുന്‍പ് മാലദ്വീപിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ചൈന. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ചൈന ശക്തമാക്കണമെന്നാണ് എന്റെ അഭ്യര്‍ഥന’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ചില മാലദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു. ബോളിവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ മാലദ്വീപിനെതിരെ രംഗത്തെത്തി. മാലദ്വീപിന് പകരം മനോഹരമായ ലക്ഷദ്വീപിനെ യാത്രക്കായി തിരഞ്ഞെടുക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ബോളിവുഡ് താരങ്ങള്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. പിന്നാലെ നിരവധി ഇന്ത്യന്‍ യാത്രികര്‍ ഹോട്ടലുകളുടേയും വിമാന ടിക്കറ്റുകളുടേയും ബുക്കിങ് റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button