ജെന്‍ സി കലാപം; നേപ്പാളില്‍ കുടുങ്ങി മലയാളികള്‍; ഭക്ഷണമോ വെള്ളമോ ഇല്ല

ജെന്‍ സി കലാപം; നേപ്പാളില്‍ കുടുങ്ങി മലയാളികള്‍, ഭക്ഷണമോ വെള്ളമോ ഇല്ല

കാഠ്മണ്ഡു: നേപ്പാളിലെ സാമൂഹിക മാധ്യമ നിരോധനത്തെ തുടര്‍ന്നുള്ള ജെന്‍ സി കലാപത്തില്‍ കുടുങ്ങി മലയാളികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് പോയ 40 ഓളം പേരാണ് നേപ്പാളില്‍ കുടുങ്ങിയത്. കാഠ്മണ്ഡുവിന് അടുത്തുള്ള ഗോസാല എന്ന സ്ഥലത്താണ് കുടുങ്ങിയത്. കോഴിക്കോട് മുക്കം, കൊടിയത്തൂര്‍, കൊടുവള്ളി, മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങിളില്‍ നിന്നുള്ളവരാണ് ഭക്ഷണമോ വെള്ളമോ താമസ സൗകര്യങ്ങളോ ലഭിക്കാതെ വലയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ഇന്ത്യയില്‍ നിന്ന് വിമാനമാര്‍ഗം നേപ്പാളിലേക്ക് പോയത്. ഇവര്‍ നേപ്പാളിലെത്തിയപ്പോഴേക്കും സംഘര്‍ഷം വലിയതോതില്‍ വ്യാപിച്ചു കഴിഞ്ഞിരുന്നു. ഇപ്പോള്‍ യാത്രാ സൗകര്യങ്ങള്‍ പോലുമില്ലാതെ ഇവര്‍ തെരുവില്‍ കുടുങ്ങിയിരിക്കുകയാണ്. കോഴിക്കോടു നിന്നുള്ള ട്രാവല്‍ ഏജന്‍സി വഴിയാണ് ഇവര്‍ നേപ്പാളിലേക്ക് പോയത്.

സഹായത്തിനായി പോലീസ് സ്‌റ്റേഷനുകളിലേക്ക് പോകാനാകാത്ത സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്. പോലീസ് സ്‌റ്റേഷനുകളൊക്കെ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ തകര്‍ന്നു. ചിലയിടങ്ങളില്‍ അടുത്തേക്ക് പോകാനാകാത്ത തരത്തില്‍ അടച്ചിരിക്കുകയാണ്. പ്രായമായവരുള്‍പ്പെടെയുള്ള സംഘമാണ് തെരുവില്‍ കുടുങ്ങിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളവും അടച്ചിരിക്കുകയാണ്. തിരികെ വരാനുള്ള മറ്റ് വഴികളും അടഞ്ഞു. തിരികെ ഇന്ത്യയിലേക്ക് വരണമെന്നുണ്ടെങ്കില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുണ്ടാകണമെന്നാണ് ഇവര്‍ അഭ്യര്‍ഥിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News