ലീവ് നല്‍കിയില്ല; മലയാളി ജവാന്‍ യു.പിയില്‍ സ്വയം വെടിവച്ചു മരിച്ചു

കണ്ണൂര്‍: ഉത്തര്‍ പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ സൗത്ത് ബസാര്‍ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എന്‍. ഹൗസില്‍ ദാസന്‍- രുക്മണി ദന്പതികളുടെ മകന്‍ എം.എന്‍. വിപിന്‍ദാസ് (37)ആണ് ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. ഇന്നലെ കൈത്തോക്ക് ഉപയോഗിച്ചു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നു.

മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. വിപിനു പുതുതായി നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിനു പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് വിപിനിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

അവധി ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള വിഷമം വിപിന്‍ ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005ലാണ് വിപിന്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. വിപിനിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കീര്‍ത്തനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News