വാഹനാപകടംഹൂസ്റ്റണില്‍ മലയാളി ഡോക്ടർ മരിച്ചു; വിടവാങ്ങിയത് നർത്തകിയും നടിയുമായ മിനി വെട്ടിക്കൽ

ഹൂസ്റ്റൺ: മലയാളി ഡോക്ടർ അമേരിക്കയിലെ ഹൂസ്റ്റണിൽ വാഹനാപകടത്തില്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്കൽ (52) ആണ് മരിച്ചത്. കുന്നത്ത് കെ വി പൗലോസിന്‍റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. ഏറെക്കാലമായി കുടുംബത്തോടൊപ്പം ഹൂസ്റ്റണിലാണ് മിനി വെട്ടിക്കൽ കഴിയുന്നത്.

ഡോക്ടര്‍ ഓടിച്ചിരുന്ന കാറില്‍ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. വൈകിട്ട് നാല് മണിയോടെ സ്‌കോട്ട് സ്ട്രീറ്റിലാണ് സംഭവം. സ്ഥലത്ത് വെച്ച് തന്നെ ഡോക്ടർ മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവിനും അപകടത്തിൽ ജീവൻ നഷ്ടമായി. 25 കാരനായ ബൈക്ക് യാത്രികൻ ആശുപത്രിയിലാണ് മരിച്ചത്. ബൈക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഫിസിഷ്യന്‍ എന്നതിന് പുറമെ നര്‍ത്തകി, മോഡല്‍, വ്‌ലോഗര്‍ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മിനി വെട്ടിക്കൽ. മൃതദേഹം ഞായർ 2 മുതൽ 5 വരെ ജസെക് ചാപ്പലിലും ബറിങ് ഡ്രൈവ് ജിയോ ലൂയിസ് ആൻഡ് സൺസ് ഗ്രാൻഡ് ഫൊയറിലുമായി പൊതുദർശനത്തിന് വയ്ക്കും.

ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ.ടി. എന്‍ജിനീയര്‍) ആണ് ഭര്‍ത്താവ്. മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഒരു മണിയ്ക്ക് ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News