മുംബൈയിൽ മലയാളി ഡോക്ടറും സഹോദരിയും കുളത്തിൽ മരിച്ചനിലയിൽ

ഡോംബിവിലി : ഡോംബിവിലിയില്‍ മലയാളി സഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോംബിവിലി ഈസ്റ്റില്‍ ആനന്ദം റീജന്‍സി സമുച്ചയത്തിലെ താമസക്കാരും ഹരിപ്പാട് സ്വദേശികളുമായ രവീന്ദ്രന്റെയും ദീപാ രവീന്ദ്രന്റെയും മക്കളായ രഞ്ജിത്ത് രവീന്ദ്രനും (21) കീര്‍ത്തി രവീന്ദ്രനും (17) ആണ് മരിച്ചത്.

കുളിപ്പിക്കുന്നതിനിടെ ഇവരുടെ വളര്‍ത്തുനായ കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയി. അതിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സഹോദരന്‍ മുങ്ങുന്നതുകണ്ട കീര്‍ത്തി രക്ഷിക്കാന്‍ശ്രമിച്ചെങ്കിലും രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമ്മയും അച്ഛനും കുടുംബസംബന്ധമായ ആവശ്യങ്ങള്‍ക്കായി നാട്ടില്‍പ്പോയതായിരുന്നു. മാന്‍പാഡ പോലീസും അഗ്‌നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.രഞ്ജിത്ത് നവിമുംബൈയിലെ സീവുഡ് ആശുപത്രിയില്‍ ഹൗസ് സര്‍ജനാണ്. കീര്‍ത്തി രണ്ടുദിവസംമുമ്പ് വന്ന എച്ച്.എസ്.സി. പരീക്ഷാഫലത്തില്‍ വിജയിച്ചിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇവരുടെ ബന്ധുകൂടിയായ സാമൂഹികപ്രവര്‍ത്തകന്‍ പി.കെ. ലാലി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News