പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വാസന്തീ മഠം എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്നായിരുന്നു പരാതി.
നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മന്ത്രവാദ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു ഡിവൈഎഫ്ഐ, ബിജെപി, കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരികയാണ്. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദ്യം ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല. ഇവർക്കെതിരെ വൻജനവികാരമാണ് ഉയരുന്നത്.
മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവർ നടത്തിയ മന്ത്രവാദത്തിന്റെ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കു ട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.