25 C
Kottayam
Tuesday, June 9, 2026

ഞാൻ ചോരയാണ് ഛർദിക്കുന്നത്,മകൻ വിളിച്ചിട്ടും അയാള്‍ ഫോൺ എടുത്തില്ല; വ്യജവൈദ്യന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച സലിംകുമാർ; മരണശേഷവും ചർച്ചയായി പ്രിയതാരത്തിന്റെ ആർജ്ജവം നിറഞ്ഞ വാക്കുകൾ

Must read

കൊച്ചി: മലയാള സിനിമയിലെ പ്രിയപ്പെട്ട ഹാസ്യസമ്രാട്ടും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലിംകുമാർ കഴിഞ്ഞ ദിവസം അന്തരിച്ച വാർത്ത മലയാളി സമൂഹത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ആയുഷ്‌കാലം മുഴുവൻ മലയാളികൾക്ക് നെഞ്ചിലേറ്റാൻ ഒട്ടനവധി ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചാണ് സലിംകുമാർ തന്റെ സിനിമാ ജീവിതത്തോട് വിട പറഞ്ഞത്. എന്നാൽ വെറുമൊരു നടൻ എന്നതിനപ്പുറം ജനങ്ങളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്യുന്ന നിരവധി സാമൂഹിക ഇടപെടലുകൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കേരളത്തിലെ വ്യാജ ചികിത്സകരെയും അശാസ്ത്രീയ വൈദ്യന്മാരെയും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കാൻ അദ്ദേഹം കാണിച്ച വലിയ ആർജ്ജവം. കഠിനമായ കരൾ രോഗം പിടിപെട്ട് മരിക്കുമെന്ന അത്യാസന്ന നിലയിലായ തന്നെ ചില വ്യാജ വൈദ്യന്മാർ പറ്റിച്ച് പണം തട്ടിയ അനുഭവം അദ്ദേഹം മുൻപ് പരസ്യമായി തുറന്നു പറഞ്ഞിരുന്നു.

കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അമൃതസ്പര്‍ശം’ പരിപാടിയിലായിരുന്നു സ്വജീവിതത്തിലുണ്ടായ അനുഭവം അദ്ദേഹം പങ്കിട്ടത്. മരണശേഷം വീണ്ടും ചര്‍ച്ചയാവുകയാണ് അന്നത്തെ സലിംകുമാറിന്റെ തുറന്നു പറച്ചില്‍.

- Advertisement -

- Advertisement -

”കരള്‍ മാറ്റിവയ്ക്കുന്നതിനു മുന്‍പും അതിനുശേഷം നടന്ന കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. പക്ഷേ പലരും ഇവിടെ എത്തിച്ചേര്‍ന്നത് അവസാന നിമിഷങ്ങളിലാണ്. ബാല (നടന്‍) ആയാലും നമ്മള്‍ ആരായാലും മരണം തൊട്ടുമുന്നില്‍ കാണുന്ന സമയത്താണ് ഭൂരിഭാഗം പേരും ആശുപത്രിയില്‍ എത്തിച്ചേരുന്നത്. അതുവരെ ഇവര്‍ എവിടെ പോയിരുന്നു എന്നൊരു ചോദ്യത്തിലേക്ക് ആണ് എന്റെ ഈ പ്രസംഗം ടോര്‍ച്ച് തെളിച്ചു കാണിക്കുന്നത്. മഞ്ഞപ്പിത്തം സര്‍വസസാധാരണമായി ആളുകള്‍ക്ക് വരുന്ന അസുഖമാണ്. മഞ്ഞപ്പിത്തം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ മറ്റുള്ളവര്‍ പറയും, ഇന്ന സ്ഥലത്ത് ഒരു വൈദ്യന്‍ ഉണ്ട്… അയാള്‍ ഒരു പൊടി മരുന്ന് തരും. അത് കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും. അല്ലാതെ മഞ്ഞപ്പിത്തം വന്ന് ആരും ആശുപത്രിയില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. എല്ലാ മഞ്ഞപ്പിത്തവും വൈദ്യര്‍ കൊടുത്ത മരുന്നു കഴിച്ചാല്‍ മാറില്ല. വൈദ്യര്‍ മരുന്ന് കൊടുത്താല്‍ മാറുന്ന മഞ്ഞപ്പിത്തം, മരുന്ന് ഒന്നും കഴിച്ചില്ലെങ്കിലും മാറും. അത് ഈ പാവപ്പെട്ട ജനങ്ങള്‍ മനസ്സിലാക്കുന്നില്ല. മഞ്ഞപ്പിത്തം പലവിധമുണ്ടെന്നും അത് വൈദ്യരുടെ കഴിവിന്റെ അപ്പുറമാണെന്നും ആളുകള്‍ മനസ്സിലാക്കുന്നില്ല. അവസാനം കരളൊക്കെ തകര്‍ന്നു കഴിയുമ്പോള്‍ വൈദ്യര്‍ മെല്ലെ ഒഴിയും. സ്വന്തം അനുഭവത്തിലെ കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്. അത് എനിക്ക് മാത്രമേ പറയാന്‍ പറ്റൂ. ഇനി ഞാന്‍ എവിടെയൊക്കെ പ്രസംഗിക്കാന്‍ പോകുന്നു, അവിടെയൊക്കെ ഇത് പറഞ്ഞിട്ടെ പോരൂ. എന്നെ തല്ലിയോടിച്ചാലും ശരി ഇത് പറയണം. കാരണം ഞാന്‍ അനുഭവിച്ചത് ഇനി ഒരുത്തനും അനുഭവിക്കരുത്.

- Advertisement -

എനിക്ക് കരളിന് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഗൂഗിളില്‍ നോക്കി. അപ്പോള്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ ഒരു പ്രതിവിധി ഉള്ളൂ എന്ന് അറിഞ്ഞു. അത് ഞാന്‍ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. ഇതല്ലാതെ വേറെ എന്ത് ചെയ്യാന്‍? വേറെ എന്തെങ്കിലും മരുന്ന് ഉണ്ടാകുമല്ലോ! എറണാകുളത്തുള്ള എന്റെ സുഹൃത്തായ ഡിവൈഎസ്പി എന്നോട് പറഞ്ഞു, ‘സലീമേ ഒറ്റപ്പാലത്ത് ഒരു വൈദ്യന്‍ ഉണ്ട്, അദ്ദേഹം കാന്‍സര്‍ വരെ മാറ്റുന്ന വൈദ്യനാണ്. നമുക്ക് അദ്ദേഹത്തെ പോയി കാണാം.’ എന്റെ സുഹൃത്ത് എന്റെ നന്മയെ കരുതി പറഞ്ഞത് തന്നെയാണ്. ഞാനും ആ വൈദ്യനെ പറ്റി കേട്ടിട്ടുണ്ട്. എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയെ കാന്‍സര്‍ ചികിത്സയ്ക്ക് അവിടെ വന്നപ്പോള്‍ ഞാനാണ് ഒറ്റപ്പാലത്ത് ഗസ്റ്റ്ഹൗസില്‍ റൂം എടുത്തു കൊടുത്തത്. അങ്ങനെ ഞാനും ഇദ്ദേഹവും കൂടി അവിടെ ചെന്നു. അദ്ദേഹം പറഞ്ഞു 51 ദിവസത്തിനുള്ളില്‍ ലിവര്‍ സിറോസിസ് മാറ്റി തരും. വൈദ്യര്‍ എന്നോട് പറഞ്ഞു നിലംപരണ്ട എന്നൊരു മരുന്നുണ്ട്. അത് അന്‍പത്തിയൊന്നു ദിവസം കഞ്ഞിയിലിട്ട് കുടിക്കൂ എന്ന് പറഞ്ഞു. ഞാന്‍ 51 അല്ല 501 ദിവസം കഴിച്ചിട്ടും ഈ സാധനം മാറുന്നില്ല. ഞാന്‍ ഒരു ദിവസം വൈദ്യരെ വിളിച്ചു. വിളിച്ചപ്പോള്‍ വൈദ്യര്‍ പറഞ്ഞു, ‘സലീമേ എനിക്ക് കാന്‍സര്‍ ആണ്, ഫോര്‍ത്ത് സ്റ്റേജ് ആണ്, ഞാന്‍ വെല്ലൂര്‍ കാന്‍സര്‍ ഹോസ്പിറ്റലില്‍ നില്‍ക്കുകയാണ്’. വൈദ്യര്‍ സത്യസന്ധനാണ് കേട്ടോ! അതൊരു കഥ.

ഇത് കഴിഞ്ഞപ്പോള്‍ ഇതേ പൊലീസുകാരന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘സലീമേ ചേര്‍ത്തല ഒരു വൈദ്യന്‍ ഉണ്ട്’. എനിക്ക് ജീവിക്കാന്‍ മോഹവുമുണ്ട്. പക്ഷേ ഓപ്പറേഷന്‍ ചെയ്യാന്‍ പേടി ആണ്. അതുകൊണ്ട് ഞങ്ങള്‍ ചേര്‍ത്തല ചെന്നു. തട്ടിപ്പാണെന്നു അന്നേ മനസ്സിലായി. ആ വൈദ്യരുടെ പേരാണ് മോഹനന്‍ വൈദ്യര്‍. എല്ലാ ഡോക്ടര്‍മാരെയും വെല്ലുവിളിക്കുന്ന വൈദ്യരാണ്. പുള്ളി എന്നോട് പറഞ്ഞു, ഇംഗ്ലിഷില്‍ ഇതിനു മരുന്നില്ല. അയാള്‍ കുറെ മരുന്ന് കുറിച്ച് തന്നു. തൊട്ടപ്പുറത്ത് ഇയാള്‍ ജൈവ വളം കൊണ്ട് ഉല്‍പാദിപ്പിച്ച നെല്ല്, ചേന, കാച്ചില്‍ ഒക്കെ ഇരിപ്പുണ്ട്. ഇതും വാങ്ങണം നമ്മള്‍. ഭയങ്കര വിലയാണ്. ഇതേ കഴിക്കാന്‍ പാടുള്ളൂ. ഞാന്‍ പറഞ്ഞു, എനിക്ക് അവിടെ നെല്ലുണ്ട്. അപ്പോള്‍ പുള്ളി പറഞ്ഞു, ഇത് വാങ്ങിക്ക്. അത് അവിടെ ഇരിക്കട്ടെ. ഇതല്ലാതെ വേറൊന്നും കഴിക്കരുത് എന്ന് പറഞ്ഞ് ഒരു പശു കഴിക്കുന്ന പുല്ല് പറിച്ചു തന്നു. ബാക്കി ഉള്ളത് ഭാര്യ വീട്ടില്‍ നിന്ന് പറിക്കണം. ഞാന്‍ ഈ സാധനം കഴിച്ചു തുടങ്ങി. എനിക്ക് ഛര്‍ദില്‍ തുടങ്ങി. ചോര ആണ് ഛര്‍ദിക്കുന്നത്.

എന്റെ മകന്‍ വൈദ്യരെ വിളിച്ചു ചോദിച്ചു, ‘എന്താണ് ഇങ്ങനെ’? വൈദ്യര്‍ പറയുകയാണ് അകത്ത് കുറച്ച് ബ്ലഡ് കിടപ്പുണ്ട്, അത് പുറത്തുകളയാന്‍ ഞാന്‍ ഒരു മരുന്ന് കൊടുത്തിട്ടുണ്ട്. അത് ഛര്‍ദിച്ച് പോകട്ടെ എന്ന്. അകത്തു കിടന്നതും പോയി പിന്നെ കുടല്‍ കൂടി പുറത്തു വരുന്ന തരത്തില്‍ ചോര ഛര്‍ദിക്കുകയാണ്. ഞാന്‍ മകനോട് പറഞ്ഞു, ‘ഒന്നുകൂടി വിളിച്ച് ചോദിക്ക്’. അവന്‍ വിളിച്ചിട്ട് പറഞ്ഞു ‘അച്ഛാ അയാള്‍ ഫോണ്‍ എടുക്കുന്നില്ല’. അതെങ്ങനെ ശരിയാവും? ഞാന്‍ അയാളെ വിശ്വസിച്ചാണ് മരുന്നു കഴിക്കുന്നത്. പിന്നീട് ഞാന്‍ വിളിച്ചു അപ്പോഴും എടുത്തില്ല. അങ്ങനെ കുറെ പ്രാവശ്യം വിളിച്ചപ്പോള്‍ അയാള്‍ എടുത്തു. എന്നിട്ട് പറഞ്ഞു, ‘വേഗം ആശുപത്രിയില്‍ കൊണ്ടുപോയി കൊള്ളൂ’ എന്ന്. ഡോക്ടര്‍മാരെ വെല്ലുവിളിച്ച് നടക്കുന്ന വൈദ്യരാണ്.

ഞാനെന്റെ സുഹൃത്ത് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞു, ‘ഈ വൈദ്യന്‍ കള്ളനാണ്’. അപ്പോള്‍ പുള്ളി പറഞ്ഞു, ‘മലയാറ്റൂര്‍ ഒരു വൈദ്യന്‍ ഉണ്ട് അവിടെ പോകാം’. അങ്ങനെ ഞാനും ഭാര്യയും അദ്ദേഹവും കൂടി മലയാറ്റൂര്‍ വൈദ്യരെ കാണാന്‍ പോയി. അയാള്‍ പറഞ്ഞത് 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കുക. വേറെ എന്തോ സാധനവും കൂടി അതില്‍ ഇടും. രാവിലെ മുതല്‍ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന് ഇത് വറ്റിച്ച് വറ്റിച്ച് തളര്‍ന്നു. ഒടുവില്‍ ലേഹ്യം റെഡിയായപ്പോള്‍ ഭാര്യയ്ക്ക് സന്തോഷമായി, ഭര്‍ത്താവിന്റെ അസുഖം മാറാനുള്ള മരുന്ന് ഉണ്ടാക്കാന്‍ പറ്റിയല്ലോ. ഇത് ഞാന്‍ കഴിച്ചതും ഛര്‍ദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു, ‘ശരീരം റിജക്ട് ചെയ്യുകയാണ്, നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോള്‍ പുരട്ടാം വച്ചേക്കൂ’. ശരീരം പൊള്ളുമ്പോള്‍ ലിവര്‍ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഭാര്യ അത് ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അടുപ്പില്‍ നിന്ന് എന്തെങ്കിലും പൊള്ളല്‍ ഉണ്ടായാല്‍ ഉടനെ ലിവര്‍ സിറോസിസിന്റെ മരുന്നെടുത്ത് അതില്‍ പുരട്ടും. ഇതുപോലെ എത്രയോ വൈദ്യന്മാര്‍ ഉണ്ട്.

ഇപ്പോള്‍ വയനാട്ടില്‍ ഒരു വൈദ്യര്‍ എന്നെ ചികിത്സിച്ചു എന്ന പേരും പറഞ്ഞു ചികിത്സിക്കുന്നുണ്ട്. ഞാനാണ് സലിംകുമാറിന്റെ അസുഖം മാറ്റിയത് എന്ന് പറഞ്ഞിട്ട്. എന്റെ പൊടി മരുന്ന് കൊടുത്തിട്ടാണ് സലിംകുമാര്‍ രക്ഷപ്പെട്ടത് എന്നാണ് അയാള്‍ പറയുന്നത്. ഞാന്‍ അയാളെ കണ്ടിട്ട് പോലും ഇല്ല. ഞാന്‍ എവിടെയൊക്കെ ചെന്നിട്ടുണ്ടോ ആ വൈദ്യന്മാരെല്ലാം എന്റെ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ട്.

പിന്നീട് വൈദ്യരെ കാണാന്‍ പോയപ്പോള്‍ വൈദ്യര്‍ ചോദിച്ചു, ‘വെയിറ്റ് ഇപ്പോള്‍ എങ്ങനെയുണ്ട്?’ ഞാന്‍ എന്റെ വീട്ടില്‍ നോക്കിയപ്പോള്‍ 5 കിലോ കൂടിയിട്ടുണ്ട്. അപ്പോള്‍ വൈദ്യര്‍ പറയുകയാണ്, ‘കണ്ടോ മരുന്നു ഫലിക്കുന്നുണ്ട്’. അതൊന്ന് എഴുതി കൊടുക്കാന്‍ പറഞ്ഞു പുള്ളി. ഞാന്‍ എഴുതിക്കൊടുത്തു. ഈ മരുന്ന് കഴിച്ചിട്ട് എനിക്ക് അസുഖം കുറവുണ്ട് എന്ന്. അത് അവര്‍ എന്റെ സര്‍ട്ടിഫിക്കറ്റ് ആയി അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ ആശുപത്രിയില്‍ വന്നു നോക്കിയപ്പോള്‍ വെയ്റ്റ് തെറ്റാണ്. വീണ്ടും വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് ആ മെഷീന്‍ കേടാണ്. കേടായ മെഷീനില്‍ എടുത്ത വെയിറ്റ് ആണ് വൈദ്യര്‍ സര്‍ട്ടിഫിക്കറ്റ് ആയി തൂക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മനുഷ്യനെ പറ്റിക്കുന്ന കുറെ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. നല്ല പൈസയാണ് ഇവര്‍ വാങ്ങുന്നത്. ജീവിക്കാന്‍ വേണ്ടിയിട്ട് പാവപ്പെട്ട രോഗികള്‍ എവിടുന്നെങ്കിലും ഒക്കെ കാശ് കടം വാങ്ങിയാണ് കൊണ്ട് കൊടുക്കുന്നത്. ഞാന്‍ ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ പാസായ ആളുകളെ കുറിച്ച് അല്ല പറയുന്നത് പാരമ്പര്യ വൈദ്യന്മാര്‍ എന്ന് പറഞ്ഞ് നടക്കുന്ന ആളുകളെ കുറിച്ചാണ്.

കിഡ്‌നി എന്ന് പറഞ്ഞാല്‍ വൃഷണം ആണെന്ന് വിചാരിക്കുന്ന വൈദ്യന്മാര്‍ ഉണ്ട്. എന്നോട് ഒരു വൈദ്യന്‍ പറഞ്ഞു, ഒരാള്‍ അയാളുടെ രണ്ട് കിഡ്‌നിയും ഞെരിച്ചിട്ടാണ് വന്നിരിക്കുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു, കിഡ്‌നി ഞെരിക്കാന്‍ പറ്റുമോ? വൃഷണത്തിനെയാണ് പുള്ളി കിഡ്‌നി എന്ന് പറയുന്നത്. ഇവന്റെ അടുത്ത് പോയിട്ടാണ് ലിവര്‍ സിറോസിസിനുള്ള മരുന്ന് വാങ്ങുന്നത്. ഇവരൊക്കെ അന്തം വിട്ട പ്രതികളാണ്. ഇവരൊക്കെ എന്തിനും ചികിത്സിക്കും. ക്രൂരമാണ് ഇവരൊക്കെ ചെയ്യുന്നത്. ഇംഗ്ലിഷ് മരുന്ന് എന്ന വ്യാജേന മരുന്നു കൊടുക്കുന്നവരുണ്ട്. സിദ്ദീഖ് ഇക്ക കഴിച്ച മരുന്ന്, അതിലൊന്ന് ഞാനും കഴിച്ചിട്ടുണ്ട്. ഇംഗ്ലിഷ് മരുന്നിനെ പേടിയായിരുന്നു. അതുകൊണ്ട് എവിടെയൊക്കെ തട്ടിപ്പുണ്ട് അവിടെയൊക്കെ ഞാന്‍ ചെന്ന് ചാടിയിട്ടുണ്ട്. പലരും കൊടുക്കുന്നത് ഫുഡ് സപ്ലിമെന്റ് ആണ്. പത്തു മുപ്പതിനായിരം രൂപയാണ് ഒരു മാസത്തെ മരുന്നിന്റെ വില. ഇവര്‍ ഒരിക്കലും ചീട്ട് എഴുതി മരുന്നു തരില്ല കവറൊക്കെ പൊട്ടിച്ച് മരുന്ന് മാത്രമാണ് തരുന്നത്.

ആ മരുന്ന് എന്താണെന്ന് ലോകത്ത് അവര്‍ക്ക് മാത്രമേ അറിയൂ അങ്ങനെ ഒരു ചികിത്സ സമ്പ്രദായം ഉണ്ട്. അതൊക്കെ ഞാന്‍ വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്. ഈ കള്ളന്മാരൊക്കെ തടിച്ചു കൊഴുക്കുക തന്നെയാണ്. ഉമ്മന്‍ചാണ്ടി എന്ന മനുഷ്യനോട് എനിക്ക് നന്ദി പറയാനുണ്ട്. അദ്ദേഹം കാരുണ്യ ലോട്ടറി എന്ന് സംഭവം ഉണ്ടാക്കി. കരള്‍ മാറ്റിവച്ചവര്‍ക്കും കിഡ്‌നി മാറ്റി വച്ചവര്‍ക്കും ഒക്കെ സഹായം കൊടുത്തു. അത് ഒരു വലിയ അനുഗ്രഹമായിരുന്നു. അത് ഇന്ന് ഇല്ല. അത് വീണ്ടും നടപ്പില്‍ വന്നാല്‍ ഈ പാവപ്പെട്ടവര്‍ക്ക് ഒരു ഉപകാരമായി മാറുമായിരുന്നു. ഉമ്മന്‍ചാണ്ടിയെ പോലെയുള്ള ആളുകള്‍ മരിച്ചപ്പോള്‍ ഇത്രയും ആളുകള്‍ ഒഴുകിവരാനുള്ള കാരണം ഇതൊക്കെ തന്നെയാണ്. അദ്ദേഹത്തെ ഈ സമയത്ത് ഓര്‍ക്കണം. ഇതൊക്കെ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയുള്ള പരിശ്രമം ഇങ്ങനെയുള്ള കൂട്ടായ്മകള്‍ ചെയ്യണം. അത് പാവപ്പെട്ട രോഗികള്‍ക്ക് സഹായം ആകും,” സലിം കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തകർക്ക്’ ആശ്വാസം; പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം. ആലപ്പുഴ സെഷൻസ് കോടതിയാണ് രക്ഷാപ്രവർത്തനക്കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം നൽകിയത്.ഗൺമാൻ അനിൽകുമാർ,...

‘ചന്തുവിന്റെ വികാരം ആ നിമിഷത്തിൽ തുടങ്ങിയതല്ല, ഒച്ച എടുത്തത് മോശമായി പോയോ എന്ന് അവൻ ചോദിച്ചു ’ യൂ ടൂബർമാർക്കെതിരെ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല ; തുറന്നടിച്ച് പിഷാരടി

പാലക്കാട് അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ അതിരുവിട്ടു പെരുമാറിയ ഓൺലൈൻ വിഡിയോ ചാനലുകൾക്കെതിരെ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഉണ്ടായതെന്നും ‍മുഖ്യമന്ത്രിയും ചന്തുവും അടക്കം അപേക്ഷിച്ചിട്ടും മൊബൈൽ ക്യാമറകളുമായി തിക്കിക്കൂടിയവർ...

‘56 അകമ്പടി വാഹനങ്ങളും 560 പോലീസുകാരും ഉണ്ടായിരുന്നില്ല’;മേജർ രവിയെ തള്ളി പിണറായിയുടെ ഓഫീസ്

തിരുവനന്തപുരം: മേജർ രവിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ്. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തിയത് 55 വാഹനങ്ങളുടേയും 560 പോലീസ് അകമ്പടിയോടുകൂടിയാണെന്നുമുള്ള മേജർ...

”പ്രധാനമന്ത്രിയുടെ മകനും നടിയുമായി അവിഹിതം; അതിന്റെ അശ്ളീല കാസറ്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൈയില്‍”; 30 വര്‍ഷംമുമ്പ് വീരപ്പന്‍ ഉന്നയിച്ച ആരോപണത്തില്‍ വിധി വന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

ചെന്നൈ: ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഉന്നതര്‍ പ്രതിഭാഗത്തുള്ള കേസ്, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന വലിയ അഭിഭാഷകരെ വെച്ചാണ് അവര്‍ വാദിച്ചത്.. എന്നിട്ടും ഒരു സ്ത്രീ ഒറ്റക്ക് ജയിച്ചു! അതും 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിലൂടെ....

കാലിന്മേൽ കാൽ കയറ്റി ഇരിക്കുക; ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ കുഴപ്പം; മരണസ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ട് ചിരിച്ചാൽ തീർന്നു; പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഡബിൾ ഓക്കെ; സലിം കുമാറിന്റെ സംസ്‌കാര...

കൊച്ചി: നടൻ സലിംകുമാറിന്റെ വിയോഗത്തിന് പിന്നാലെ മരണവീട്ടിലെ പെരുമാറ്റത്തെച്ചൊല്ലി തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടിയും മോഡലുമായ റിനി ആൻ ജോർജ്. മറ്റാർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത...

Popular this week