26.3 C
Kottayam
Tuesday, May 7, 2024

മലബാര്‍ പര്യടനം തുടരുന്നു,കോണ്‍ഗ്രസിന് ഇനി ആവശ്യം ‘യു’ ഗ്രൂപ്പെന്ന് തരൂര്‍: വിമത പ്രവര്‍ത്തനമല്ലെന്ന് എഐസിസി

Must read

കണ്ണൂര്‍: ശശിതരൂര്‍ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ . രാവിലെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തും.ശേഷം 11 മണിയോടെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍, ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയില്‍, എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കും. ചേംബര്‍ ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ അറിയിച്ചത് വിവാദമായിരുന്നു. ഉച്ചക്ക് ശേഷം മുന്‍ ഡിസിസി അധ്യക്ഷന്‍ അന്തരിച്ച സതീശന്‍ പാച്ചേനിയുടെ വീട് സന്ദര്‍ശിക്കും.

മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ പാണക്കാട്ടെത്തിയ ശശി തരൂരിനു മുസ്ലിം ലീഗ് നേതാക്കള്‍ ഹൃദ്യമായ സ്വീകരണമൊരുക്കിയിരുന്നു. തരൂര്‍ സംസ്ഥാനമൊട്ടാകെ സ്വീകാര്യതയുള്ള നേതാവാണെന്ന് ചര്‍ച്ചയ്ക്കു ശേഷം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രശംസിച്ചു. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം ഇപ്പോള്‍തന്നെ സജീവമാണല്ലോയെന്നായിരുന്നു തങ്ങളുടെ മറുപടി.

ഇതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ഉടലെടുത്ത വാദപ്രതിവാദങ്ങളെക്കുറിച്ചു പരസ്യ പ്രതികരണത്തിനു ലീഗ് നേതാക്കള്‍ തയാറായില്ല. താന്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും കോണ്‍ഗ്രസിന് ഇനി ആവശ്യം യു (യുണൈറ്റഡ്) ഗ്രൂപ്പാണെന്നും തരൂര്‍ പ്രതികരിച്ചു. ലീഗുമായും പാണക്കാട് കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ തരൂര്‍ രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. പാണക്കാട് സന്ദര്‍ശനത്തിനു ശേഷം ഡിസിസി ഓഫിസിലെത്തിയ തരൂരിനെ പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ ജില്ലാ നേതാക്കള്‍ സ്വീകരിച്ചു. ജില്ലയില്‍നിന്നുള്ള കെപിസിസി ഭാരവാഹികളാരും എത്തിയില്ല.

കോണ്‍ഗ്രസിന്റെ ആഭ്യന്തര തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്ന നിലപാട് ആവര്‍ത്തിച്ചപ്പോഴും ലീഗിനു തരൂരിനോടുള്ള താല്‍പര്യം വ്യക്തമാക്കുന്നതായിരുന്നു പാണക്കാട്ടു ലഭിച്ച സ്വീകരണം. ഇളംപച്ച ജുബയണിഞ്ഞ്, എം.കെ.രാഘവന്‍ എംപിയോടൊപ്പമെത്തിയ തരൂര്‍ 45 മിനിറ്റ് അവിടെ ചെലവഴിച്ചു.

ലീഗ് നേതാക്കള്‍ക്കൊപ്പമായിരുന്നു പ്രഭാത ഭക്ഷണം. പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുല്‍ വഹാബ് എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. കോഴിക്കോട്ട് മദര്‍ വെറോണിക്കയുടെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ തരൂര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാരെയും സന്ദര്‍ശിച്ചു.

ശശി തരൂര്‍ എംപി വിമത പ്രവര്‍ത്തനമാണ് നടത്തുന്നതെന്നു കരുതുന്നില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതികരിച്ചു. തരൂര്‍ വിഷയവുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുന്നു. നേതാവായാലും പ്രവര്‍ത്തകരായാലും പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കണമെന്നും താരിഖ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week