കൊച്ചി:ഏറെ ആരാധകരുള്ള സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. ശക്തമായി തന്റെ നിലപാടുകള്‍ എല്ലായിടത്തും പ്രകടിപ്പിക്കുന്ന രഞ്ജു സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്ക് അപ്പ് ആര്‍ടിസ്റ്റുമാണ്. താന്‍ മേക്ക് അപ്പ് എന്നുള്ളത് ഒരു ഉപജീവന മാര്‍ഗമായി ആണ് ആദ്യം കണ്ടതെന്നും പിന്നീടാണ് അത് തന്റെ പാഷനായി മാറിയതെന്നും രഞ്ജു തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.
ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ അവകാശത്തിനായും പ്രവര്‍ത്തിക്കുന്ന രഞ്ജു തന്റെ സ്ത്രീയായി മാറാനുള്ള ശസ്ത്രക്രിയെ കുറിച്ചും അതിന്റെ മാറ്റങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. രഞ്ജു നേരത്തെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ച വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. പലരും ആത്മാര്‍ത്ഥ പ്രണയത്തോടെയല്ല തന്നെ സമീപിച്ചതെന്ന് പറയുകയാണ് രഞ്ജു. ചിലര്‍ക്ക് കൗതുകവും മറ്റു ചിലര്‍ക്ക് പണവുമൊക്കെയാണ് വേണ്ടതെന്നും രഞ്ജു പറയുന്നു.
‘പ്രണയം എന്ന് പറയുന്നത് സുഖമുള്ള അനുഭവം തന്നെയാണ് എല്ലാവര്‍ക്കും. ഞാന്‍ സെക്‌സ് റീഅസൈന്‍മെന്റ് സര്‍ജറി കഴിഞ്ഞ് ഒരു സ്ത്രീയിലേക്ക് പൂര്‍ണമായും മാറി, ആ സ്ത്രീ ജീവിതം ശാരീരികമായും മാനസികമായും ഞാന്‍ ആഗ്രഹിച്ച തലത്തില്‍ എത്തി. ഞാന്‍ ആ ഒരു ജീവിതം നയിക്കുമ്പോള്‍ പ്രണയം എന്ന് പറയുന്ന ഒരുപാട് അനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
പക്ഷെ ആ പ്രണയ അഭ്യര്‍ത്ഥനകള്‍ എത്രത്തോളം സത്യസന്ധമാണ് എന്ന് ഞാന്‍ നിരീക്ഷിച്ചിരുന്നു. പലരുടെയും പ്രണയാഭ്യര്‍ത്ഥന ഞാന്‍ സര്‍ജറിക്ക് ശേഷം ശരിക്കും സ്ത്രീ ആയോ, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ പറ്റുന്ന സ്ത്രീ ആണോ എന്നറിയുക എന്ന പരീക്ഷണമായിരുന്നു,’ രഞ്ജു രഞ്ജിമാര്‍ പറയുന്നു.
ചിലര്‍ക്ക് സിനിമ പോലുള്ള ഒരു വലിയ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് താന്‍ എന്നതാണ് പ്രണയാഭ്യര്‍ത്ഥനയുടെ കാര്യം. അതായത് പ്രണയാഭ്യര്‍ത്ഥനയിലൂടെ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാം എന്ന് വിചാരിച്ചുകൂടി വരുന്നവരാണ്. സാമ്പത്തികമായി എന്തെങ്കിലും മെച്ചം കിട്ടും എന്ന ആഗ്രഹത്തിനുമേല്‍ വന്ന പ്രണയാഭ്യര്‍ത്ഥനകളും ഉണ്ട്. ഇതിനെ എല്ലാം തനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നും രഞ്ജു പറയുന്നു.
അതുകൊണ്ട് തന്നെ ഇത്തരം പ്രണയങ്ങളിലേക്ക് എടുത്ത് ചാടാനോ അല്ലെങ്കില്‍ വശംവദയാകാനോ നിന്നിട്ടില്ല. താന്‍ കുറച്ച് കണ്ണിംങ് ആണ്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നുകൊണ്ടാണ് പലപ്പോഴും സംസാരിക്കാറുള്ളത്. പ്രണയം സുഖമുള്ള അനുഭവമാണ്. പക്ഷെ അതിനേക്കാളുമുപരി നമ്മള്‍ പൊരുതിയത് എന്തിന് വേണ്ടിയാണ്? ഈ ഭൂമിയില്‍ നിങ്ങളെ പോലുള്ള മനുഷ്യന്മാരുടെ കൂടെ ജീവിക്കാനാണ്.
അതിനിടയില്‍ ഒരു നിമിഷത്തേക്ക് വരുന്ന പ്രണയങ്ങള്‍ ജീവിതാവസാനം വരെ ഉണ്ടാകുമോ അവര്‍ അത് നമ്മുടെ ജീവിതത്തിനെ സക്‌സസ്ഫുള്‍ ആക്കുമോ അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു പാഠമാകേണ്ടി വരുന്നവരാണോ എന്നൊന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നും രഞ്ജു രഞിജമാര്‍ ഓര്‍മപ്പെടുത്തുന്നു.
ബാഹ്യമായ സൗന്ദര്യത്തിലോ പ്രകോപനത്തിലോ വീണു പോകുന്നവരില്‍ ആത്മഹത്യയുടെ പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. ശ്രദ്ധ, താഹിറ എന്നിവരുടെ ഒക്കെ കേസില്‍ ഇത് സംഭവിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതുപോലും പ്രണയത്തിന്റെ പേരിലാണ് എന്നതും സങ്കടകരമാണെന്നും രഞ്ജു പറയുന്നു