പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.
ഒന്നര ലക്ഷത്തിൽ അധികം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്തായിരുന്നു പൂജ.
മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400 പോലീസുകാരെ ജില്ലയിൽ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും.
പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാൻ ഭക്തരെ അനുവദിക്കില്ല.