ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ (Mullaperiyar Dam) ഗുരുതര സുരക്ഷാവീഴ്ച്ച. റിട്ടയേര്‍ഡ് എസ്ഐമാരും തമിഴ്നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും അടക്കം നാലുപേര്‍ കഴിഞ്ഞ ഞായറാഴ്ച്ച മുല്ലപ്പെരിയാര്‍ ഡാമിലെത്തി സന്ദര്‍ശനം നടത്തി. തമിഴ്നാടിന്റെ ബോട്ടിലെത്തിയ 4 പേരെയും പൊലീസ് തടഞ്ഞില്ല. സന്ദർശകരുടെ പേരുകൾ ജി ഡി രജിസ്റ്ററിൽ രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ല. സംഭവം വിവാദമായതോടെ നാലുപേർക്ക് എതിരെയും പൊലീസ് കേസെടുത്തു.
മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. കേസുകൾ അടുത്തയാഴ്ച അന്തിമ വാദം കേൾക്കാനിരിക്കെയാണ് അപേക്ഷ സമർപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് പണിത സമയത്ത് എഞ്ചിനീയര്‍മാര്‍ നിർദ്ദേശിച്ച ആയുസ് 50 വർഷമാണ്. എന്നാലിപ്പോൾ ഇതിന്‍റെ ഇരട്ടിയിലധികം വർഷം പിന്നിട്ടു കഴിഞ്ഞു.
അതിനാൽ അണക്കെട്ടിന്‍റെ കാലവധി നിർണയിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണം. മുല്ലപ്പെരിയാർ തകർന്നാൽ താഴെയുള്ള നാല് അണക്കെട്ടുകൾ കൂടി തകരുമെന്നും ഒരു മണിക്കൂറിനുള്ളിൽ വെള്ളം അറബിക്കടലിൽ എത്തുമെന്നും അപേക്ഷയിലുണ്ട്. ഹിരോഷിമയിലെ ആറ്റംബോംബ് സ്ഫോടനത്തേക്കാള്‍ 180 മടങ്ങ് ശക്തി ഉണ്ടാകുമെന്നും ഇത് താഴ്ഭാഗത്തെ പതിനായിരക്കണക്കിനും അളുകളുടെ ജീവന് ഭീഷണിയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ജലനിരപ്പ് 130 അടിയിലേക്ക് താഴ്ത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ റസൽജോയി നേതൃത്വം നൽകുന്ന സേവ് കേരള ബ്രിഗേഡ് സമർപ്പിച്ച കേസിലാണ് കക്ഷി ചേരുന്നത്.