കൊച്ചി: പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.
മജ്‍ലിസ് ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്റ്റഡിയിലാണ്. ഹോട്ടലുടമകൾക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. അതേസമയം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
20 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർ മറ്റു ജില്ലകളിലും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ ഒൻപതു പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്. കൂടുതൽ പേർക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണു വിവരം. ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവരെയാണു കടുത്ത ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്നമുണ്ടാക്കിയതെന്നാണു സൂചന.
മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി മജ്‍ലിസ് ഹോട്ടൽ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ നിന്നു പഴയ ചായപ്പൊടിയിൽ നിറം ചേർത്തതു പിടികൂടിയതിനെ തുടർന്ന് നടപടി സ്വീകരിച്ചിരുന്നു. ചൊവ്വാഴ്ച ആകെ 189 സ്ഥാപനങ്ങളിലാണു ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ രണ്ടു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി.