കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി എ അനിൽകുമാർ അറസ്റ്റിൽ. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് ഇയാളെ പ്രത്യേക സംഘം കസ്റ്റഡിയിൽ എടുത്തത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആണ് അനിൽകുമാർ. വ്യാജ ജനന സർട്ടിഫിക്കറ്റ് വിഷയത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. പ്രതിയെ കൊച്ചിയിൽ എത്തിച്ചു. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് വേണ്ടി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്ന പദവി അനിൽകുമാർ ദുരുപയോഗം ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ ഓഫീസിലായിരുന്നു അനിൽകുമാർ ജോലി ചെയ്തിരുന്നത്. സുപ്രണ്ട് ഓഫീസിലെ ജോലിക്കാരൻ എന്ന നിലയിൽ കളമശ്ശേരി നഗരസഭയിലെ ജനന – മരണ സർട്ടിഫിക്കറ്റുകളുടെ കിയോസ്ക് കൈകാര്യം ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയെ സ്വാധീനിച്ചാണ് ജനന സർട്ടിഫിക്കറ്റ് വ്യാജമായിഉണ്ടാക്കിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയുടെ യഥാർഥ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പുണിത്തുറയിലെ ദമ്പതികൾക്ക് കുട്ടിയെ കൈമാറിയതിൽ ഇയാൾ ഏതെങ്കിലും തരത്തിൽ ഇടനില നിന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ എല്ലാം വിശദമായ പരിശോധന ആവശ്യമാണ്. ഇതിന് പിന്നിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജ് സുപ്രണ്ടിനെതിരെ അടക്കം ഗുരുതര ആരോപണം ഉന്നയിച്ചതിന് ശേഷമായിരുന്നു അനിൽകുമാർ ഒളിവിൽ പോയത്. എന്നാൽ ഇതിന് പിന്നാലെ സുപ്രണ്ടിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുത ഇല്ല എന്ന് പിന്നീട് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു.