ഏറ്റുമാനൂർ: സ്കൂൾ മെയിൽ ഐ.ഡി. ഹാക്ക് ചെയ്ത് പണംതട്ടിപ്പ്. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ഇ-മെയിലാണ് ഹാക്ക് ചെയ്തത്. ഒരു വിദ്യാർഥിക്ക് ചികിത്സാസഹായം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ പേരിൽ ഇദ്ദേഹത്തിന്‍റെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം സന്ദേശം അയയ്ക്കുകയായിരുന്നു. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.
സ്കൂളിന്‍റെ [email protected] എന്ന മെയിൽ ഹാക്ക് ചെയ്ത സംഘം [email protected] എന്ന വ്യാജവിലാസമുണ്ടാക്കിയാണ് സന്ദേശങ്ങൾ അയച്ചത്. സ്കൂളിൽ പഠിക്കുന്ന ഒരുവിദ്യാർഥിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും ശസ്ത്രക്രിയയ്ക്കായി 102,000 രൂപ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു സന്ദേശം.
താത്പര്യം പ്രകടിപ്പിച്ചവരോട് യൂണിയൻ ബാങ്കിന്‍റെ ഉത്തരാഖണ്ഡ് കാശിപൂർ ശാഖയിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് നിർദേശം നൽകിയിരുന്നത്.
വ്യാജസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ സൈബർസെല്ലിൽ പരാതി നൽകി. അന്വേഷണത്തിൽ നൈജീരിയക്കാരും വടക്കേ ഇന്ത്യക്കാരും ചേർന്നുള്ള ലോബിയാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 40,000 രൂപയോളം ഈ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തി.
വ്യാജസന്ദേശം വായിച്ച് ആരും പണം അയയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ ഇവരുടെ കുരുക്കിൽപെടുകയോ ചെയ്യാതെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 8281725386 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി അറിയിച്ചു.