ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ബി.ജെ.പിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളെ ബി.ജെ.പി വഞ്ചിച്ചുവെന്ന് മഹുവ മൊയ്ത്ര തുറന്നടിച്ചു. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവക്കെതിരെ മഹുവ ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. സര്‍ക്കാരെന്ന നിലയില്‍ നിങ്ങള്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് മഹുവ പ്രസംഗം ആരംഭിച്ചത്. 137 കോടി പൗരന്മാരുള്ള രാജ്യത്ത് നിന്നും 23 കോടി വോട്ടര്‍മാരുടെ വോട്ടുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് നേടാനായത്. നിങ്ങളുടെ ഇടപെടലുകള്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്കപ്പുറത്തേക്ക് പോവരുത്, ഭരണഘടനാ അധികാരത്തെ ധിക്കരിച്ചുകൊണ്ടാവുകയുമരുത്-മഹുവ ഓര്‍മിപ്പിച്ചു.
എല്ലാവര്‍ക്കും വികസനം എന്ന നിങ്ങളുടെ മുദ്രാവാക്യത്തെ വിശ്വസിച്ച ജനങ്ങളെ നിങ്ങള്‍ വഞ്ചിച്ചു. വോട്ട് ചെയ്തവരുടെ പൗരത്വത്തെപ്പോലും നിങ്ങള്‍ ചോദ്യം ചെയ്യുന്നു. ആദ്യം നിങ്ങള്‍ അവരുടെ അവകാശങ്ങള്‍ നിഷേധിച്ചു, പിന്നെ അവരെ പരാജയപ്പെടുത്തി. സര്‍ക്കാരെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെ നിങ്ങള്‍ കായികമായും നേരിടുന്നു. പിന്തുടര്‍ന്ന് ആക്രമിക്കുന്നു. ഓര്‍ക്കുക, ഹിന്ദുവിന്റെ അവകാശങ്ങള്‍ മാത്രം നേടിയല്ല നിങ്ങള്‍ അധികാരത്തിലേറിയത്. രാജ്യത്തെ സാധാരണക്കാരന്റെ പിന്തുണയും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്ന വാഗ്ദാനം നിങ്ങള്‍ തകര്‍ത്തു. തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആദ്യത്തെ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന നിങ്ങളുടെ വോട്ടര്‍മാരായ യുവജനങ്ങളെ നിങ്ങള്‍ ചതിച്ചു. നോട്ടുനിരോധനമെന്ന വിഡ്ഢിത്തത്തിലൂടെ സംരഭകരെ നിങ്ങള്‍ ചതിച്ചു. പ്രതിമ പണിയാന്‍ സ്ഥലമേറ്റെടുത്ത് കൊണ്ട് ഗുജറാത്തിലെ ആയിരക്കണക്കിന് ആദിവാസി വിഭാഗക്കാരെ നിങ്ങള്‍ ചതിച്ചു. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ നിങ്ങള്‍ പടച്ചുവിടുന്ന കള്ളങ്ങള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ തെരുവിലെ പ്രതിഷേധങ്ങള്‍ക്കപ്പുറമല്ല നിങ്ങളുടെ ഈ കള്ളങ്ങള്‍.
ദേശീയപൗരത്വ നിയമമടക്കമുള്ള ബിജെപിയുടെ നിലപാടുകളെ നിശ്ശതിമായി വിമര്‍ശിച്ചുകൊണ്ടാണ് പത്ത് മിനുട്ട് നീണ്ട പ്രസംഗം മഹുവ അവസാനിപ്പിച്ചത്. പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത് രണ്ടാം തവണയാണ് പാര്‍ലമെന്റില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിന്റെ പേരില്‍ മഹുവ സോഷ്യല്‍ മീഡിയയുടെ കയ്യടി ടേുന്നത്.