ന്യൂഡൽഹി ∙ വ്യവസായി ഹീരാനന്ദാനിയുടെ ഭാര്യയുമായുള്ള ബന്ധം എങ്ങനെയായിരുന്നു, ദുബായിൽ പോകുമ്പോൾ രാത്രി തങ്ങുന്നത് എവിടെയാണ് തുടങ്ങിയ വ്യക്തിപരമായ ചോദ്യങ്ങളാണ് തൃണമൂൽ എംപി മഹുവ മൊയ്ത്ര പാർലമെന്റിന്റെ എത്തിക്സ് സമിതി യോഗത്തിൽനിന്ന് ക്ഷുഭിതയായി ഇറങ്ങിപ്പോകാനിടയാക്കിയതെന്ന് സൂചന.
ദുബായിലെ വ്യവസായിയുമായുള്ള ബന്ധം ഏതു തരത്തിലുള്ളതാണെന്ന ചോദ്യത്തെ മറ്റു പ്രതിപക്ഷ എംപിമാർ എതിർത്തതായും എത്തിക്സ് സമിതി ഇന്നലെ സ്പീക്കർക്കു കൈമാറിയ റിപ്പോർട്ടിലുണ്ടെന്നറിയുന്നു.
ഹീരാനന്ദാനി ബാല്യകാല സുഹൃത്താണെന്നും അനധികൃതമായി പാർലമെന്റ് ലോഗിൻ ഐഡി ഉപയോഗിച്ചിട്ടില്ലെന്നും മഹുവ ആവർത്തിച്ചപ്പോഴായിരുന്നു വ്യക്തിപരമായ ചോദ്യങ്ങൾ സഭാ സമിതി ചെയർമാൻ ചോദിച്ചത്. ഹീരാനന്ദാനിയുമായും പരാതിക്കാരൻ അഭിഭാഷകൻ ദേഹദ്റായിയുമായും വ്യക്തിബന്ധമുണ്ടായിരുന്നുവെന്ന് മഹുവ പറഞ്ഞിരുന്നു. ആരോടൊക്കെ സംസാരിക്കാറുണ്ട്, ദുബായിൽ പോയാൽ കഴിയുന്നത് എവിടെ എന്നൊക്കെ ചോദിച്ചപ്പോഴാണ് താങ്കൾക്കും സമിതിക്കുമെതിരെ പരാതി കൊടുക്കുമെന്നു പറഞ്ഞ് മഹുവ ക്ഷുഭിതയായത്.
47 തവണ ദുബായിൽനിന്ന് മഹുവയുടെ ലോഗിൻ വിവരങ്ങളുപയോഗിച്ച് എൻഐസി പോർട്ടലിൽ കയറിയത് രാജ്യസുരക്ഷയ്ക്കു ഭീഷണിയായേക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും സമിതിയെ അറിയിച്ചതായാണ് വിവരം. എന്നാൽ ഇതു തന്റെ സാന്നിധ്യത്തിലാണെന്നായിരുന്നു മഹുവയുടെ നിലപാട്.
ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നു മഹുവ പലവട്ടം പറയുന്നതും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പ്രതിപക്ഷാംഗങ്ങളായ ഡാനിഷ് അലിയും ഗിരിധാരി യാദവും ഇത്തരം ചോദ്യങ്ങൾ പാടില്ലെന്നും പറയുന്നുണ്ട്. ഇത് വസ്ത്രാക്ഷേപമാണെന്ന് ഡാനിഷ് അലി പറയുന്നതും ഉണ്ടെന്നറിയുന്നു. സമിതിയെ അപമാനിക്കാൻ ശ്രമിച്ചതിന് ഡാനിഷ് അലിക്കെതിരെയും നടപടി വേണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചതായും അറിയുന്നു.