മുംബൈ: സ്‌പോര്‍ട്‌സ് കമ്പനിയിലെ മുന്‍ പങ്കാളികള്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി പരാതി നല്‍കി. 2017-ലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ക്ക സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മിഹിര്‍ ദിവാകറിനും സൗമ്യ വിശ്വാസിനുമെതിരെയാണ് റാഞ്ചി കോടതിയില്‍ ധോണി പരാതി നല്‍കിയിരിക്കുന്നത്. 15 കോടിയിലധികം രൂപ കബളിപ്പിച്ചെന്നാണ് ആരോപണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധോണിയുടെ പേരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നതിന് മിഹിര്‍ ദിവാകര്‍ 2017-ല്‍ താരവുമായി കരാറിലേര്‍പ്പെട്ടിരുന്നു. എന്നാല്‍, കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
കരാറനുസരിച്ച് ആനുപാതികമായി ഫാഞ്ചൈസി ഫീസ് നല്‍കാനും ലാഭം പങ്കിടാനും അര്‍ക്ക സ്‌പോര്‍ട്‌സ് ബാധ്യസ്ഥരായിരുന്നു, എന്നാല്‍, എല്ലാ നിബന്ധനകളും വ്യവസ്ഥകളും കാറ്റില്‍ പറത്തി. 2021 ഓഗസ്റ്റ് 15-ന് അര്‍ക്ക സ്പോര്‍ട്സിനുള്ള അംഗീകാര കത്ത് ധോണി പിന്‍വലിച്ചിരുന്നതായും നിരവധി വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.