മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. സംവരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെയാണ് ഇവർ താഴേക്ക് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ കെട്ടിടത്തിൽ സുരക്ഷാ വല ക്രമീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും പരിക്കുകളൊന്നും ഇല്ല.
പട്ടികവർഗ സംവരണ വിഭാഗത്തിൽ ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരേ വിവിധ ആദിവാസി വിഭാഗങ്ങൾ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡെപ്യൂട്ടി സ്പീക്കർ എടുത്ത് ചാടിയത്. ദംഗർ വിഭാഗത്തെ പട്ടികവർഗ സംവരണത്തിൽ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാർ ആവശ്യമുന്നയിക്കുന്നത്.
https://x.com/ANI/status/1842107381737783540?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1842107381737783540%7Ctwgr%5E6757c9bb0468f23317f5ff91e9b8089bebb9770e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fmaharashtra-dy-speaker-jumps-from-third-floor-of-mantralaya-lands-on-safety-net-1.9957647
ഇവർ കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയത്തിലേക്ക് വീണ മൂന്നുപേർ തിരികെ കെട്ടിടത്തിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
ഡെപ്യൂട്ടി സ്പീക്കറുടെ കൂടെ ബി.ജെ.പി. എം.പി. ഹേമന്ദ് സവ്ര, എം.എൽ.എ. കിരൺ ലഹാമതെ, കിരാമൻ ഖോസ്കർ, രാജേഷ് പാട്ടീൽ എന്നിവരും താഴേക്ക് ചാടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ വലയിൽ നിന്ന് തിരികെ കയറിയ ഇവർ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.