മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് രാഷ്ട്രീയലോകം. ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെ ബാരാമതിയിൽ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറിയത്. അജിത്തിനെ കൂടാതെ ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ക്യാപ്റ്റൻ ശാംഭവി പാഠക്, ഫ്‌ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാധവ് എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
അതേസമയം, അപകടത്തിൽപ്പെട്ട വിമാനം യഥാർഥത്തിൽ പറത്തേണ്ടിയിരുന്നത് ക്യാപ്റ്റൻ സുമിത് ആയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അജിത് സഞ്ചരിച്ച വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ്, ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പിന്നാലെ പകരക്കാരനായി സുമിത് എത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഹോങ് കോങ്ങിൽനിന്ന് കുറച്ചുദിവസം മുൻപാണ് സുമീത് മടങ്ങിയെത്തിയതെന്നും അപകടത്തിൽപ്പെട്ട വിമാനം പറത്താൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചത് സംഭവത്തിന് വളരെക്കുറച്ച് സമയത്തിന് മുൻപേ ആയിരുന്നെന്നും സുഹൃത്തുക്കളിലൊരാൾ പറഞ്ഞു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ആർ വെൻച്വേഴ്‌സ് എന്ന കമ്പനിയുടെ ലിയർജെറ്റ് 45 എന്ന വിമാനത്തിലായിരുന്നു അജിത്ത് ബാരാമതിയിലേക്ക് പുറപ്പെട്ടത്. തിരഞ്ഞെടുപ്പ് റാലികൾക്കുവേണ്ടിയായിരുന്നു യാത്ര. രാവിലെ എട്ടുമണിക്ക് വിമാനം പറന്നുയർന്നു. തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിലത്തിറക്കാൻ രണ്ടാമതും ശ്രമിക്കവേ 8.45-നാണ് വിമാനം തകർന്നുവീണത്.


