കൊച്ചി: ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ നേതാവിൻ്റെ മരണത്തേത്തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളേജും, ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചു.ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിൻ്റേതാണ് തീരുമാനം. പരാതികളിൽ അന്വേഷണം നടത്താൻ ഡോ.എൽ പി രമ കൺവീനറും, ഡോ.അബ്ദുൽ ലത്തീഫ്, വിശ്വസ പി എസ് എന്നിവർ അംഗങ്ങളുമായാണ് കമ്മീഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി എൻഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകത്തെ തുടർന്ന് കോളേജിലുണ്ടായ എസ് എഫ് ഐ – കെ എസ് യു സംഘർഷത്തിൽ പത്ത് കെ എസ് യു പ്രവർത്തകരക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കോളേജ് അടച്ചിട്ടത്.
ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമെന്ന് എഫ്.ഐ.ആർ. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും രേഖപ്പെടുത്തി. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ധീരജ് കൊല്ലപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലി കുറ്റം സമ്മതിച്ചതായാണ് വിവരം. കോളജിലെ നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഇടുക്കിക്ക് സമീപം കരിമണലിൽവെച്ച് ബസിൽനിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.