കൊച്ചി: എസ് എഫ് ഐ നേതാവും എറണാകുളം മഹാരാജാസിലെ വിദ്യാര്‍ത്ഥിയുമായിരുന്ന എം അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ച് വര്‍ഷം . കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകം നടന്ന് 5 വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. 2018 ജൂലൈ 2 ന് പുലര്‍ച്ചെ 12.45 നായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ 26 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വിചാരണ വൈകുകയാണ്
എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജിലെ എന്‍എസ്എസ് വളന്റിയര്‍ സെക്രട്ടറിയുമായിരുന്നു അഭിമന്യു. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. നെട്ടൂര്‍ മേക്കാട്ട് സഹല്‍ ഹംസയായിരുന്നു അഭിമന്യുവിനെ കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ആകെയുള്ളത്. ഇവരില്‍ പ്രധാന സാക്ഷികളെല്ലാം അന്നത്തെ കോളേജ് വിദ്യാര്‍ഥികളാണ്. 2022 സെപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് വിജ്ഞാപനം ഇറക്കിയതില്‍ ഒരു കാരണമായി പരാമര്‍ശിക്കുന്നത് അഭിമന്യു കേസാണ്.
അഭിമന്യുവിന്‍റെ ഓര്‍മ്മയില്‍ ശനിയാഴ്ച്ച അര്‍ധരാത്രി വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. അനുസ്മരണ ദിനമായ ഞായറാഴ്ച്ച ഏരിയാ-ലോക്കല്‍ യൂണിറ്റുകള്‍ പതാക ഉയര്‍ത്തും. തിങ്കളാഴ്ച്ച മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി വര്‍ഗീയ വിരുദ്ധ സദസും റാലിയും സംഘടിപ്പിക്കും. ഇടുക്കി വട്ടവടയില്‍ തോട്ടം തൊഴിലാളികളായ മനോഹരന്റേയും ഭൂപതിയുടേയും മകനാണ് അഭിമന്യു.