ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഉത്തരവിറക്കി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം സര്‍ക്കാര്‍ ഓഫീസുകള്‍ ഗോമൂത്രത്തില്‍ നിന്ന് നിര്‍മിക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തില്‍ നിന്നുള്ള ഫിനോയില്‍ ഉപയോഗിക്കണമെന്ന തീരുമാനം നവംബറില്‍ ചേര്‍ന്ന ‘പശു മന്ത്രിസഭ’ എടുത്തിരുന്നു. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ വ്യക്തമാക്കി.
‘ഉല്‍പാദനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആവശ്യകത വര്‍ധിപ്പിക്കുകയാണ്. ഇനി പാല്‍ ചുരുത്തുന്നത് നിര്‍ത്തിയ പശുക്കളെ ആരും തെരുവില്‍ ഉപേക്ഷിക്കില്ല. ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റം കൊണ്ടുവരും”- മന്ത്രി പറഞ്ഞു. അതേസമയം, ഫിനോയില്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
”യാതൊരു അടിസ്ഥാന സംവിധാനവും നിര്‍മിക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികള്‍ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയില്‍ നിര്‍മിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനിക്ക് ലഭിക്കും”- കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ചൗധരി പറഞ്ഞു.
കന്നുകാലികളുടെ സംരക്ഷണത്തിനായാണ് മധ്യപ്രദേശില്‍ ‘കൗ ക്യാബിനറ്റ്’ രൂപീകരിച്ചത്. സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്താനാണ് ക്യാബിനറ്റ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.