ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടിൽനിന്ന് പിടികൂടി ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കർണാടക പോലീസാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് ഉപയോഗിച്ച് കർണാടകയിലെത്തിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾക്കുശേഷം കോടതിയിലെത്തിക്കും.
മേയ് 12-ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് 20-കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്തെത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു. മഡിവാള പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ നിർദേശപ്രകാരമാണ് മേയ് 18-ന് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർചെയ്തത്.
പെൺകുട്ടിയുടെ സുഹൃത്തുക്കൾ മഡിവാളയിൽ കഫേ ആരംഭിച്ചപ്പോൾ ഇതിനുവേണ്ട സ്ഥലം കണ്ടെത്തിനൽകിയതും മറ്റുസഹായങ്ങൾ നൽകിയതും ഹൈനസ് ആയിരുന്നു. എന്നാൽ, കഫേ നഷ്ടത്തിലായതോടെ ഇത് വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ഹൈനസിന്റെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായാണ് മേയ് 12-ന് ഹൈനസ് താമസസ്ഥലത്തെത്തിയതെന്നാണ് പറയുന്നത്.


