'നീ കറുത്തവൻ, എന്നെ അർഹിക്കുന്നില്ല'; വ്യാപാരിയെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു, ആഭരണങ്ങൾ ചതിച്ചു

'നീ കറുത്തവൻ, എന്നെ അർഹിക്കുന്നില്ല'; വ്യാപാരിയെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു, ആഭരണങ്ങൾ ചതിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ധാറിൽ സുഗന്ധവ്യഞ്ജന വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതിയ സംഭവം, ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ 7-ന് രാത്രിയാണ് 28-കാരനായ പുരോഹിത് ദേവ്കൃഷ്ണ സ്വന്തം വീട്ടിൽവെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്.

പുരോഹിതിന്റെ ഭാര്യ പ്രിയങ്ക പുരോഹിതായിരുന്നു പോലീസിൽ പരാതി നൽകിയത്. മുഖംമൂടി ധരിച്ചെത്തിയ കൊള്ളസംഘം വീട് ആക്രമിച്ച് മൂന്നര ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നെന്നും തടയാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രിയങ്കയുടെ മൊഴി. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ പ്രിയങ്കയുടെ മൊഴികളിലെ വൈരുധ്യം പുറത്തുവന്നു. മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ വീട്ടിൽനിന്നുതന്നെ പോലീസ് കണ്ടെടുത്തു.

പ്രിയങ്കയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ രാജ്ഗഢ് സ്വദേശിയായ കമലേഷ് പുരോഹിതുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. കുടുംബാംഗങ്ങൾ നൽകിയ മൊഴിയും പ്രിയങ്കയ്ക്ക് എതിരായിരുന്നു. ദേവ്കൃഷ്ണയുടെ നിറത്തെച്ചൊല്ലി പ്രിയങ്ക നിരന്തരം പരിഹസിക്കാറുണ്ടായിരുന്നുവെന്ന് സഹോദരി ജ്യോതി വെളിപ്പെടുത്തി. ‘നിനക്ക് കറുത്ത നിറമാണ്, നീ എന്നെ അർഹിക്കുന്നില്ല’ എന്ന് പറഞ്ഞ് പ്രിയങ്ക ഭർത്താവിനെ എപ്പോഴും അപമാനിക്കുമായിരുന്നുവെന്ന് സഹോദരി പറഞ്ഞു. 2020 മുതൽ പ്രിയങ്കയ്ക്ക് മറ്റൊരു ബന്ധമുള്ളതായി കുടുംബത്തിന് സംശയമുണ്ടായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രിയങ്ക കുറ്റം സമ്മതിച്ചു. കാമുകനായ കമലേഷുമായി ചേർന്ന് ഭർത്താവിനെ ഒഴിവാക്കാനാണ് ഇവർ പദ്ധതിയിട്ടത്. ഇതിനായി ഒരു ലക്ഷം രൂപയ്ക്ക് സുരേന്ദ്ര ഭാട്ടി എന്ന ക്വട്ടേഷൻ ഗുണ്ടയെ ഇവർ വാടകയ്ക്കെടുത്തു. 50,000 രൂപ അഡ്വാൻസ് നൽകി. കൊലപാതകം നടന്ന രാത്രിയിൽ പ്രിയങ്ക വീടിന്റെ മുൻവാതിൽ മനഃപൂർവം തുറന്നിട്ടു. വീടിനുള്ളിൽ കടന്ന സുരേന്ദ്ര ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ്കൃഷ്ണയെ മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം സംഭവം കവർച്ചയാണെന്ന് വരുത്തിതീർക്കാൻ വീട് മുഴുവൻ വാരിവലിച്ചിട്ടു. പ്രിയങ്ക സ്വയം കെട്ടിയിട്ട് തന്നെയും ആക്രമിച്ചെന്ന് പറഞ്ഞ് ഇരയായി അഭിനയിച്ചു. നിലവിൽ പ്രിയങ്കയെയും കമലേഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകം നടത്തിയ സുരേന്ദ്ര ഭാട്ടി ഒളിവിലാണ്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് ദേവ്കൃഷ്ണയുടെ അമ്മ ആവശ്യപ്പെടുന്നത്. വർഷങ്ങളായി തുടർന്ന വഞ്ചനയുടെയും നിയമവിരുദ്ധ ബന്ധത്തിന്റെയും ഒടുവിലാണ് ഈ കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

The murder of 28-year-old spice merchant Purohit Devkrishna in Dhar, Madhya Pradesh, has been revealed as a conspiracy by his wife and her lover. Initially suspected to be a robbery attempt on April 7, police investigation exposed the pre-planned crime driven by an illicit relationship. Both suspects have been detained after scientific evidence debunked the staged burglary narrative.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News