കാറും ഡ്രൈവറും മൂന്നുനില വീടുമുള്ള ഭിക്ഷക്കാരൻ; ചക്രവണ്ടിയിൽവന്ന് കൊയ്യുന്നത് കോടികൾ

കാറും ഡ്രൈവറും മൂന്നുനില വീടുമുള്ള ഭിക്ഷക്കാരൻ; ചക്രവണ്ടിയിൽവന്ന് കൊയ്യുന്നത് കോടികൾ; ബ്ലേഡ് പലിശയും

ഇൻഡോർ: നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഒരു ‘കോടീശ്വരൻ’. വർഷങ്ങളായി ഇൻഡോറിലെ സറഫ ബസാർ മേഖലയിൽ ചക്രങ്ങളുള്ള തടിപ്പലകയിൽ കൈകൾ നിലത്തൂന്നി നടന്നിരുന്ന മംഗിലാൽ എന്നയാളാണ് പിടിയിലായത്. ഒരു സാധാരണ യാചകനാണെന്ന് കരുതിയ മംഗിലാലിന്റെ സമ്പാദ്യവിവരങ്ങൾ കേട്ട് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി.

മംഗിലാലിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഇയാളുടെ ആസ്തികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഭഗത് സിങ് നഗറിൽ മൂന്നുനില വീട്, ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീട്, കൂടാതെ ഭിന്നശേഷി വിഭാഗത്തിൽ സർക്കാരിന്റെ പിഎംഎവൈ പദ്ധതിവഴി ലഭിച്ച ഒരു ബെഡ്‌റൂം ഫ്‌ളാറ്റ് എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ, വാടകയ്ക്ക് കൊടുക്കുന്ന മൂന്ന് ഓട്ടോറിക്ഷകൾ, ഒരു സ്വിഫ്റ്റ് ഡിസയർ കാർ, അത് ഓടിക്കാൻ ശമ്പളത്തിന് നിർത്തിയ ഒരു ഡ്രൈവർ എന്നിവയുമുണ്ട്.

യാചിച്ച് കിട്ടുന്ന പണമുപയോഗിച്ച് സറഫ ബസാറിലെ ജ്വല്ലറി വ്യാപാരികൾക്ക് ഉയർന്ന പലിശയ്ക്ക് പണം കടം നൽകുന്ന പരിപാടിയും മംഗിലാലിനുണ്ട്. പണം നൽകിയവരിൽനിന്ന് ദിവസേനയോ ആഴ്ചതോറുമോ അദ്ദേഹം പലിശ വാങ്ങുന്നു. ഇദ്ദേഹം എത്ര പണം സമ്പാദിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്കുവിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നഗരത്തിലെ പ്രശസ്തമായ സറഫാ ബസാർ പരിസരത്ത് വർഷങ്ങളായി യാചകവൃത്തിയിൽ ഏർപ്പെടുന്ന ഇദ്ദേഹത്തിന് വഴിയേ പോകുന്ന നിരവധിയാളുകളാണ് നാണയത്തുകളും ചില്ലറകളും നൽകാറുള്ളത്. അതേസമയം, അവിടെ ഇരിക്കുക മാത്രം ചെയ്തിരുന്ന മംഗിലാൽ, പ്രത്യക്ഷത്തിൽ ഭിക്ഷ യാചിച്ചിരുന്നില്ല. ഒരു മൂലയിൽ ഇരിക്കുകയോ പിറകിൽ ഒരു ബാഗുമായി ചുറ്റി നടക്കുകയോ ആയിരുന്നു പതിവ്. സഹതാപം തോന്നി ആളുകൾ സ്വമേധയാ സഹായിക്കുകയായിരുന്നു.

മധ്യപ്രദേശിലെ വനിതാ-ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥരാണ് മംഗിലാലിനെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 6,500-ഓളം യാചകരെ കണ്ടെത്തുകയും ഇതിൽ 4,500 പേരെ വിവിധ തൊഴിലുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 1,600 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News