FeaturedHome-bannerKeralaNews

മധുകൊലക്കേസ്;പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.

തിങ്കളാഴ്ച വരെയാണ് ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്. ഇത് എങ്ങനെ കീഴ്‌ക്കോടതിക്ക് റദ്ദാക്കാനാകും എന്ന നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളായ രണ്ടു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡയിലെടുക്കുകയും ഒമ്പത് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ റിമാന്‍ഡിലുള്ള പ്രതികളെ വിട്ടയക്കേണ്ടി വരും. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് വ്യാപക അന്വേഷണവും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുമിരിക്കെയാണ് ഹൈക്കോടതിയുടെ സ്‌റ്റേ വന്നിരിക്കുന്നത്.

മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരായ നാലാംപ്രതി കുന്നത്ത് വീട്ടില്‍ അനീഷ്, ഏഴാംപ്രതി കുറ്റിക്കല്‍ സിദ്ദീഖ്, 15-ാം പ്രതി ചരിവില്‍ ബിജു എന്നിവരെയാണ് ജയിലിലയച്ചത്.

രണ്ടാംപ്രതി കിളയില്‍ മരക്കാര്‍, മൂന്നാംപ്രതി പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, അഞ്ചാംപ്രതി പള്ളിശ്ശേരിയില്‍ രാധാകൃഷ്ണന്‍, ആറാംപ്രതി പുതവച്ചോലയില്‍ അബൂബക്കര്‍, ഒമ്പതാംപ്രതി വറുതിയില്‍ നജീബ്, 10-ാം പ്രതി മണ്ണംപറ്റയില്‍ ജൈജുമോന്‍, 11-ാം പ്രതി ചോലയില്‍ അബ്ദുല്‍കരീം, 12-ാം പ്രതി പുത്തന്‍പുരയ്ക്കല്‍ സജീവ് എന്നിവര്‍ കോടതിയില്‍ ഹാജാരാവാത്തതിനാല്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതിയുടെ ജാമ്യ ഉപാധികള്‍ തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചത്‌ തെളിയിക്കാനുള്ള ഫോണ്‍വിളി രേഖകളും സാക്ഷികളിലൊരാള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റംചെയ്തതിന്റെ തെളിവും ഹാജരാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button