കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ (AMMA) ഉടലെടുത്തിരിക്കുന്ന ആഭ്യന്തര തർക്കങ്ങളിൽ കടുത്ത നിലപാടുമായി പ്രമുഖ നടി മാലാ പാർവതി രംഗത്ത്. സംഘടനയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ നിഷ്പക്ഷമായി അന്വേഷിക്കാൻ സിനിമയ്ക്ക് പുറത്തുനിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഭരണസമിതി അടിയന്തിരമായി പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയ്ക്കുള്ളിൽ നടക്കുന്നത് അങ്ങേയറ്റം ഗുരുതരമായ പ്രശ്‌നങ്ങളാണ്. വരും ദിവസങ്ങളിൽ വലിയ ആരോപണങ്ങളുള്ള കൂടുതൽ നിർണ്ണായക ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നും മാലാ പാർവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘അമ്മ’ ഓഫീസിലെ ജീവനക്കാരി അതുല്യ പുറത്തുവിട്ട ശബ്ദസന്ദേശങ്ങൾക്ക് പുറമേ വലിയ ഗൂഢാലോചനകൾ വ്യക്തമാക്കുന്ന മറ്റ് വോയിസ് ക്ലിപ്പുകൾ രണ്ടുദിവസത്തിനകം പുറത്തുവരുമെന്നാണ് കരുതുന്നത്. ഭാരവാഹികളെ മുഴുവൻ പിരിച്ചുവിടണമെന്നത് താൻ ആദ്യ ദിവസം തന്നെ മുന്നോട്ടുവെച്ച ആവശ്യമാണ്. നടി അൻസിബയുടെ പരാതി കേൾക്കാൻ ഒരു സമിതിയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിൽ തന്റെ പേരുൾപ്പെടുത്താൻ അൻസിബ പറഞ്ഞത് കുട്ടിയുടെ അറിവില്ലായ്മ കൊണ്ടാണ്.
താൻ അൻസിബയെ ശക്തമായി പിന്തുണച്ച് ഒപ്പം നിൽക്കുന്ന ആളായതിനാൽ, തന്നെപ്പോലെ ഒരു വശത്ത് നിലപാടെടുത്തവരൊന്നും നിഷ്പക്ഷ സമിതിയിൽ ഉണ്ടാകരുത്. രമേഷ് പിഷാരടിയും ധ്യാൻ ശ്രീനിവാസനും ന്യായമേ പറയുകയുള്ളൂ എന്ന വിശ്വാസത്തിലാവാം അൻസിബ അവരുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ സത്യം പറഞ്ഞാൽ, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ഈ സമിതിയിൽ ഉൾപ്പെടുത്തരുത്. കാരണം സിനിമാ മേഖല തന്നെ നിലവിൽ രണ്ടോ മൂന്നോ ഭാഗമായി തിരിഞ്ഞ് പല ചേരികളിൽ നിൽക്കുകയാണ്. പൂർണ്ണമായും നിഷ്പക്ഷമായ ഒരു സമിതിയാണ് അൻസിബയുടെ പരാതി കേൾക്കേണ്ടതെന്നും അവർ വ്യക്തമാക്കി.
ഇത് വെറുമൊരു തമ്മിലുള്ള വഴക്കാണെന്നും പ്രശ്‌നങ്ങൾ കൃത്യമായി അറിയില്ലെന്നും സിനിമാ മന്ത്രി പറയുന്നത് കേട്ടു. എന്നാൽ ഇത് സിനിമയെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണ്. അതുല്യയുടെ വോയിസ് ക്ലിപ്പോടെ ഈ പ്രശ്‌നങ്ങൾ തീരില്ല, കാര്യങ്ങൾ അതിനപ്പുറത്തേക്കാണ് പോകുന്നത്. പാതിവെന്ത അറിവുകൾ വെച്ചുകൊണ്ട് ആരും ഈ വിഷയത്തിൽ സംസാരിക്കരുത്. അതുല്യയുടേയും അൻസിബയുടേയും നീനാ കുറുപ്പിന്റേയും പരാതികളിൽ ശാശ്വതമായ പരിഹാരമുണ്ടാകണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.
അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചതിനും വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചതിനും കൃത്യമായ തെളിവുകളുണ്ട്. അതുകൊണ്ടാണ് താൻ അൻസിബയോടൊപ്പം ഉറച്ചുനിൽക്കുന്നത്. രാജീവ് കുടപ്പനക്കുന്നും മകനും ഏതെങ്കിലും തരത്തിലുള്ള ഭീഷണിക്കോ പ്രേരണയ്‌ക്കോ വഴങ്ങി, അൻസിബ പറഞ്ഞിട്ടാണ് തങ്ങൾ നോമ്പെടുത്തത് എന്ന് മാറ്റി പറഞ്ഞിരുന്നെങ്കിൽ ആ കുട്ടിയുടെ അവസ്ഥ സിനിമാ ലോകത്ത് വളരേ മോശമായിപ്പോയേനെ എന്നും മാലാ പാർവതി ചൂണ്ടിക്കാണിച്ചു.
സംഘടനയ്ക്കുള്ളിലെ തൊഴിൽ പീഡന ആരോപണം വളരെ ഗൗരവമുള്ളതാണ്, എന്നാൽ മറ്റ് ചില വിഷയങ്ങൾ ബാലിശമാണ്. താരങ്ങൾ തമ്മിലുള്ള തല്ലും ചക്കളത്തിപ്പോരും സിനിമാ മേഖലയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കുന്നത്. സിനിമാക്കാർ മാത്രം ഇരുന്ന് ചർച്ച ചെയ്താൽ ഈ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരമാവില്ല. പുറത്തുനിന്നുള്ള നിഷ്പക്ഷമായ സമിതിയുണ്ടാക്കി, എല്ലാവരേയും കേട്ട ശേഷം വലിയ കുറ്റംചെയ്തവർക്ക് സംഘടനയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം. ഇത്തരക്കാരെ ഭാവിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഉൾപ്പെടെ വിലക്കണം. തെറ്റ് ചെയ്ത എല്ലാവർക്കുമെതിരേ കടുത്ത നടപടിയുണ്ടാകണമെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
English Summary
Actress Maala Parvathi has demanded the immediate dissolution of the current executive committee of ‘AMMA’ and called for an impartial committee comprising people outside the cinema industry to investigate the ongoing issues. Speaking about the controversies involving Athulya and Ansiba, she stated that the crisis within the organization is severe and predicted more explosive audio clips would leak in the coming days. Maala Parvathi strongly backed Ansiba regarding the communal targeting she faced and urged lifelong bans, including election disqualification, for those found guilty of labor exploitation and misconduct.
Maala Parvathi AMMA controversy, Ansiba Hassan complaint, Athulya audio leak news, AMMA executive committee dissolution, Malayalam cinema politics, Maala Parvathi interview, Cinema minister Kerala, Ramesh Pisharody Dhyan Sreenivasan, മാലാ പാർവതി, താരസംഘടന ‘അമ്മ’, അൻസിബ പരാതി, അതുല്യ ശബ്ദരേഖ, സിനിമാ വാർത്തകൾ, കേരള സിനിമാ തർക്കം


