24.2 C
Kottayam
Sunday, November 17, 2024
test1
test1

പാര്‍ലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെടുന്നത്, നിര്‍മ്മിത ചരിത്രം കൂടി, വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്

Must read

തിരുവനന്തപുരം: പാര്‍ലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെടുന്നത്, നിര്‍മ്മിത ചരിത്രം കൂടിയാണെന്ന വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. ജനങ്ങളുടെ പരമാധികാരം മാനിക്കുന്നുവെങ്കില്‍ പുതിയ പാര്‍ലമെന്റിന്റെ അധ്യക്ഷപീഠത്തില്‍ പ്രതിഷ്ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ്, ചെങ്കോലല്ലെന്നും എംബി രാജേഷ് പറഞ്ഞു.

രാഷ്ട്രപതിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിലോ ഉദ്ഘാടനത്തിലോ ഇടില്ല. രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങില്‍ സ്ഥാനമില്ല. രാഷ്ട്രം എന്നാല്‍ മോദി, മോദി എന്നാല്‍ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേല്‍പ്പിക്കുകയാണിപ്പോഴെന്നും എംബി രാജേഷ് പറഞ്ഞു. 


എംബി രാജേഷിന്റെ കുറിപ്പ്: ”ഇന്ന് മെയ് 28. സവര്‍ക്കര്‍ ജന്മദിനം. ആധുനിക ഇന്ത്യക്കു മേല്‍ ഇന്നൊരു ചെങ്കോല്‍ പ്രതിഷ്ഠിക്കപ്പെടുന്നു. അലഹബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ അമിത് ഷാ മാറാല തുടച്ചെടുത്തത് തമിഴ്‌നാട്ടിലെ ശൈവ സന്യാസി നരേന്ദ്ര മോദിക്ക് കൈമാറിക്കഴിഞ്ഞിരിക്കയാണല്ലോ. അതിനി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ അധ്യക്ഷപീഠത്തെ അലങ്കരിക്കുമെന്നാണ് വാര്‍ത്തകള്‍.  വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ പാകം ചെയ്‌തെടുത്ത, ചരിത്ര പിന്‍ബലം ഒട്ടുമേയില്ലാത്ത ‘ചെങ്കോല്‍  ചരിത്ര’ത്തിന്റെ ആധികാരികതയും വിശ്വാസ്യതയും ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പൊളിച്ചടുക്കലിന് വിധേയമായി കഴിഞ്ഞതായതിനാല്‍ അത് വിശദീകരിക്കാനല്ല ഇവിടെ സമയം പാഴാക്കുന്നത്.

ചെങ്കോലേന്തിയ പ്രധാനമന്ത്രി ഭരണഘടന പ്രകാരം രാഷ്ട്രത്തിന്റെയും പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും തലവനായ  രാഷ്ട്രപതിയെയും ഭരണഘടനയെയും പിന്തള്ളി രാഷ്ട്രത്തിന്റെ പരമോന്നത പദവിയില്‍ സ്വയം അവരോധിതനാകുന്നതിന്റെ അപകടകരമായ രാഷ്ട്രീയ ധ്വനികളാണ് ഈ കുറിപ്പിന്റെ വിഷയം. രാഷ്ട്രപതിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിലോ ഇപ്പോള്‍ ഉദ്ഘാടനത്തിലോ ഇടമേയില്ല.

രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങില്‍ സ്ഥാനമില്ല. നരേന്ദ്രമോദി മാത്രം. സര്‍വ്വം മോദിമയം. രാഷ്ട്രം എന്നാല്‍ മോദി, മോദി എന്നാല്‍ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേല്‍പ്പിക്കുകയാണിപ്പോള്‍. ”

”അമിത് ഷായും മോദിയും കൂടി ചരിത്രത്തില്‍ നിന്ന് തപ്പിപ്പിടിച്ച് കൊണ്ടുവരുന്ന ചെങ്കോലിനാവട്ടെ,  വര്‍ത്തമാന കാല ഇന്ത്യയുടെ പാര്‍ലമെന്റിലെത്തുമ്പോള്‍ സംഭവിക്കുന്ന അര്‍ഥവ്യത്യാസം പ്രധാനമാണ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ 2014 നു ശേഷമുള്ള പുതിയ ഇന്ത്യയിലേക്കിറങ്ങി വരുന്നത് ഒരു മ്യൂസിയം പീസായിട്ടല്ല; ജനാധിപത്യത്തിനു മേല്‍ പതിക്കുന്ന ഫാസിസത്തിന്റെ അധികാര ദണ്ഡായിട്ടാണ്.

അമിത് ഷാ  ചെങ്കോല്‍ക്കഥ മെനഞ്ഞത് ‘അധികാര കൈമാറ്റ’ ത്തിന്റെ ചടങ്ങ് എന്ന് അവകാശപ്പെട്ടാണ്. സ്വാതന്ത്ര്യ സമരത്തില്‍ എന്തെങ്കിലും പങ്കുവഹിച്ചു എന്ന ആരോപണം ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത സംഘ പരിവാറിന് സ്വതന്ത്ര്യമെന്നാല്‍ ‘കേവലമൊരു അധികാര കൈമാറ്റത്തിന്റെ കേവലമൊരു ചടങ്ങ്’ മാത്രമാകുന്നതില്‍ അതിശയിക്കാനൊന്നുമില്ല. എന്നാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനും ജനകോടികള്‍ക്കും സ്വാതന്ത്ര്യമെന്നാല്‍ ഓരോ ഭാരതീയന്റേയും രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ വിമോചനം എന്നായിരുന്നു അര്‍ത്ഥം.

ആ വിമോചന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇന്ത്യയിലെ ജനകോടികള്‍ ശ്രമിച്ചത്  സ്വാതന്ത്ര്യവും നീതിയും സമത്വവും സാഹോദര്യവും ഉറപ്പുനല്‍കിയ ഭരണഘടന നിര്‍മ്മിച്ചുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളെ പരമാധികാരികളാക്കി എന്നതാണ് ഭരണഘടന ചെയ്തത്. ”

”ജനങ്ങളുടെ പരമാധികാരം മാനിക്കുന്നുവെങ്കില്‍ പുതിയ പാര്‍ലമെന്റിന്റെ അധ്യക്ഷപീഠത്തില്‍ പ്രതിഷ്ഠിക്കേണ്ടത് We the People എന്നു തുടങ്ങുന്ന  ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ്; ചെങ്കോലല്ല.  നീതി ഉറപ്പു നല്‍കുന്ന ഭരണഘടനക്കു പകരം രാജവാഴ്ചയുടെ അധികാരദണ്ഡായ  ചെങ്കോല്‍ സ്ഥാപിക്കപ്പെടുന്ന ദിവസം ലോകത്തിനു മുന്നില്‍ ദേശീയ അഭിമാനവും യശസ്സുമുയര്‍ത്തിയ ഗുസ്തി താരങ്ങള്‍ക്ക് നീതി തേടി തെരുവില്‍ ഇറങ്ങേണ്ടി വരുന്നത് ‘പുതിയ ഇന്ത്യ’ യുടെ പരിണാമത്തെ കുറിക്കുന്നുണ്ട്. പ്രൗഢമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗര്‍വിഷ്ഠമായ അധികാരത്തിന്റെയും  തടിമിടുക്കിന്റെയും ശരീരഭാഷയുമായി ഇന്ന് കടന്നു ചെല്ലുന്നയാളാണ് കുറ്റാരോപിതന്‍ എന്നത് ‘പുതിയ ഇന്ത്യ’യുടെ മകുടോദാഹരണമായി മാറുന്നു.”

”1947 ല്‍ മറുപുറത്തെ പാകിസ്ഥാനൊപ്പം ഇപ്പുറത്തെ ഹിന്ദു രാഷ്ട്രത്തിലേക്ക് ചുളുവില്‍ ‘അധികാര കൈമാറ്റം’  ഒപ്പിക്കാമെന്ന,  സഫലമാകാതെ പോയ മോഹത്തിന്റെ പൂര്‍ത്തീകരണത്തിന് ശ്രമിക്കുന്നതിനാലാണ് സംഘപരിവാര്‍ ഭരണഘടനയ്ക്ക് പകരം ചെങ്കോല്‍ പരതി പോയത്. ആ ചെങ്കോലിന്റെ സന്ദേശം ഭരണഘടനാ മൂല്യങ്ങള്‍ക്കും  മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യക്കും  മേല്‍ പതിക്കുന്ന ഫാസിസ്റ്റ്  മതരാഷ്ട്രത്തിന്റേതല്ലെങ്കില്‍ മറ്റെന്താണ് ? പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവ വ്യത്യാസവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം. സാരാനാഥിലെ പഴയ അശോകസ്തംഭത്തെ അലങ്കരിച്ചിരുന്ന ശാന്തോദാര ഭാവത്തിലുള്ള സിംഹങ്ങളുടെ സ്ഥാനത്ത് കോമ്പല്ലുകള്‍ പുറത്തു കാട്ടി ഹിംസാത്മക ഭാവത്തോടെ  ഭയപ്പെടുത്തുന്ന  സിംഹരൂപങ്ങളുടെ ആവിഷ്‌കാരവും യാദൃശ്ചികമല്ല. ബലപ്രയോഗത്തിന്റെയും ഹിംസയുടെയും ഫാസിസ്റ്റ് യുക്തികള്‍ക്കിണങ്ങുന്ന പ്രതീകങ്ങളുടെ തെരഞ്ഞെടുപ്പ് ബോധപൂര്‍വമാണ്. ആ പ്രതീകങ്ങളിലൂടെ അക്രമാസക്തമാംവിധം പുനര്‍നിര്‍ണയിക്കപ്പെടുന്നത്  രാജ്യത്തിന്റെ സ്വഭാവവും മൂല്യങ്ങളുമാണ്. യജ്ഞവും യാഗവും ഹോമവുമായി നടക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും ശാസ്ത്രബോധം വളര്‍ത്തുകയെന്ന ഭരണഘടനയുടെ മൗലിക കടമയും തമ്മില്‍ എന്തു ബന്ധം? ”

”പാര്‍ലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെടുന്നത്; നിര്‍മ്മിത ചരിത്രം കൂടിയാണ്. പഴയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് എതിര്‍വശത്ത് നേര്‍രേഖയില്‍ തന്നെ ഗാന്ധിജിയുടെ രാഷ്ട്രീയത്തിനു നേര്‍ വിപരീതമായ രാഷ്ട്രീയ വീക്ഷണത്തിന്റെ വക്താവായ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചിട്ടും സംഘപരിവാറിന് താങ്ങാനാവാത്ത ചരിത്രത്തിന്റെ ‘ബാധ’  ഒഴിപ്പിക്കാനുള്ള എളുപ്പ വഴി കൂടിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും അതിനൊപ്പം  സൃഷ്ടിക്കുന്ന നിര്‍മ്മിത ചരിത്രവും. ഭരണഘടനാ  നിര്‍മാണത്തിന്റെ മഹത്തായ സംവാദങ്ങള്‍ക്ക്  വേദിയായ, ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കും  ജീവിതത്തിലേക്കും വരവേറ്റ  നെഹ്‌റുവിന്റെ വാക്കുകള്‍ അലയടിച്ച, ബ്രിട്ടീഷ് അധികാര ഗര്‍വിന്റെ ബധിര കര്‍ണങ്ങളില്‍ വിസ്‌ഫോടനം തീര്‍ത്ത ഭഗത് സിംഗിന്റെ ബോംബേറിന് വേദിയായ, ചരിത്രത്തിലെ ഉജ്ജ്വലമായ അനേകം മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ സെന്‍ട്രല്‍ ഹാള്‍ പ്രതീകവല്‍ക്കരിക്കുന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഗാന്ധി വധക്കേസിലെ പ്രതികളില്‍ ഒരാളുടെ ചിത്രം കൊണ്ട് മാത്രം കഴിയാതെ വന്നാല്‍ എന്ത് ചെയ്യും ? ചരിത്രത്തെ കണ്ടംതുണ്ടമായി വെട്ടിമാറ്റി ഇടമുണ്ടാക്കി നോക്കിയിട്ടും അവിടെ കയറിപ്പറ്റാനാവുന്നില്ലെങ്കിലോ?  വ്യാജമായി ഒരു സമാന്തര ചരിത്രം തന്നെയങ്ങ് നിര്‍മിക്കുക. എന്നിട്ട് ആ ചരിത്രത്തിന്റെ കണ്ണാടിക്കൂട്ടില്‍ ഒരു സ്വര്‍ണ്ണ ചെങ്കോലും സംഘടിപ്പിച്ച്  കയറിയങ്ങ് നില്‍ക്കുക തന്നെ. ”

”പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുമുണ്ട് ഒരു ഭരണഘടനാ ഹാള്‍. യഥാര്‍ത്ഥ ഭരണഘടന ഉണ്ടാക്കിയ ചരിത്രപ്രസിദ്ധമായ സെന്‍ട്രല്‍ ഹാള്‍ തൊട്ടപ്പുറത്തുള്ളപ്പോള്‍  എന്തിനാകും പുതിയൊരു ഭരണഘടനാ ഹാള്‍ ? മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയ്ക്ക് പകരം മതാധിഷ്ഠിത രാഷ്ട്രത്തിന്റെ പുതിയ ഭരണഘടന നിര്‍മിക്കാനുള്ള ദീര്‍ഘവീക്ഷണമല്ലെന്ന് സംശയിക്കാതിരിക്കാന്‍ ഇന്നത്തെ ഇന്ത്യയില്‍ എങ്ങനെ കഴിയും ? പുതിയ പൗരത്വ നിയമം, മതാധിഷ്ഠിതമായ പുതിയ രാഷ്ട്ര സങ്കല്പം,  പുതിയ പാര്‍ലമെന്റ്,  പുതിയ ഭരണഘടനാ  ഹാള്‍, പുതിയ ഭരണഘടന, പുതിയ നിര്‍മ്മിത ചരിത്രം, പുതിയ സ്ഥലനാമങ്ങള്‍, സര്‍വോപരി, സവര്‍ക്കര്‍ ജന്മദിനത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും. അവിടെ മിനുക്കിയെടുത്ത പുതിയ അധികാര ദണ്ഡുമായി ഒരൊറ്റ പരമോന്നത നേതാവ്. ചെങ്കോലായി. ഇനി കിരീടധാരണം കൂടിയായാല്‍ എല്ലാമായി. ചേരുവകളും രൂപരേഖയും ഇനിയും മനസ്സിലാകാത്തവര്‍ അത്രമേല്‍ നിഷ്‌കളങ്കരായിരിക്കണം. അമൃത കാലത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണത്തിന്റെ പുതുചരിത്രം ആരംഭിച്ചിരിക്കുന്നു. ആ കാലത്തെ പാര്‍ലമെന്റിനു മുകളില്‍ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സിംഹങ്ങളും പാര്‍ലമെന്റിനകത്ത് ഫാസിസ്റ്റ് അധികാര ഗര്‍വിന്റെ ചെങ്കോലും തെരുവില്‍ ദണ്ഡയും ശൂലവും ഏന്തിയ സ്വയംസേവകരും അടയാളപ്പെടുത്തും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.