KeralaNews

മരണത്തിൽ നിന്നും ജീവിതത്തിലേക്ക്, എം.വി.ജയരാജൻ രോഗമുക്തൻ, നാളെ ആശുപത്രി വിടും

കണ്ണൂർ (പരിയാരം) : കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന ശ്രീ എം വി ജയരാജൻ രോഗമുക്തനായി ആരോഗ്യം ഏറെക്കുറേ പൂർണ്ണമായും വീണ്ടെടുത്തതായി ഇന്ന് വൈകീട്ട് നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

അദ്ദേഹത്തെ ചൊവ്വാഴ്ച (09.02.2021) രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് ഡിസ്ചാർജാക്കാവുന്നതാണെന്നും എന്നാൽ ഒരുമാസത്തെ വിശ്രമവും നിർദ്ദേശിക്കപ്പെടുന്ന തുടർചികിത്സയും കർശനമായി പാലിക്കണമെന്നും തത്ക്കാലത്തേക്ക്‌ സന്ദർശ്ശകരെ പൂർണ്ണമായും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.

ജനുവരി 20 നാണ് അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തി ലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഒപ്പം വലിയ പ്രതിസന്ധി സൃഷ്ടിച്ചതാണ്. രക്തത്തിൽ ഓക്‌സിജന്റെ അളവ് നന്നേ കുറഞ്ഞതിനാൽ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേന്ററിന്റെ സഹായത്തോ ടെയായിരുന്നു ക്രമീകരിച്ചത്. എന്തും സംഭവിക്കാം എന്ന ആ ഗുരുതര ഘട്ടത്തിൽ നിന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുനടന്നതിൽ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മികവും ചികിത്സയോട് പൂർണ്ണമായും സഹകരിച്ചതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പ്രധാന ഘടകമാണ്. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പുമന്ത്രിയും പകർന്ന ധൈര്യവും പ്രത്യേകമായി ത്തന്നെ എടുത്തുപറയേണ്ടതുണ്ട്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോടുനിന്നും ഡോ എ.എസ് അനൂപ് കുമാറും ഡോ പി.ജി രാജുവും തിരുവനന്തപുരത്തുനിന്നും ഡോ എസ്.എസ് സന്തോഷ് കുമാറും ഡോ അനിൽ സത്യദാസും അടങ്ങിയമെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരും അദ്ദേഹത്തെ പരിശോധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്ഷൻ കൺട്രോൾ സ്‌പെഷ്യലിസ്റ്റ് ഡോ റാം സുബ്രഹ്മണ്യത്തിന്റെ നിർദ്ദേശവും സ്വീകരിക്കുകയുണ്ടായി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ കോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമൽ റോഹൻ (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് – കാഷ്വാലിറ്റി), ഡോ എസ്.എം സരിൻ (ആർ.എം.ഒ), ഡോ കെ സി രഞ്ജിത്ത് കുമാർ (എച്ച്.ഒ.ഡി, ജനറൽ മെഡിസിൻ വിഭാഗം), ഡോ എസ്.എം അഷ്‌റഫ് (എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ, കോവിഡ് ചികിത്സാ വിഭാഗം എന്നിവർ അംഗങ്ങളുമായ പ്രത്യേക മെഡിക്കൽ ബോർഡ് നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. കോവിഡ് ഐ.സി.യുവിലെ നേഴ്‌സുമാരുടെ സേവന സന്നദ്ധതയും അർപ്പണബോധവും പ്രത്യേക പ്രശംസ അർഹിക്കുന്നുവെന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ എന്നിവർ ഇന്നും മെഡിക്കൽ സൂപണ്ടുമായി ശ്രീ ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ ചർച്ച നടത്തി. പരിയാരത്തെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button