തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്തായെന്നതിന് കേന്ദ്ര സര്‍ക്കാരും അതിന് നേതൃത്വംനല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് മറുപടി പറയേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത ഒരു കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അന്വേഷണ ഏജന്‍സികൾക്ക് അടുക്കാന്‍ കഴിയാത്ത ദൂരത്തില്‍ സൂര്യനെപ്പോലെയാണ് അദ്ദേഹമുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോഴും സ്വര്‍ണക്കടത്ത് ആരോപണമുള്ള കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴാണ് എം.വി. ഗോവിന്ദന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.
‘ആറോ ഏഴോ ഏജന്‍സികള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കുത്തിക്കലക്കിയിട്ട് മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരുവഴിയും ഉണ്ടായിരുന്നില്ല. പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത ഒരു കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അന്വേഷ ഏജന്‍സികള്‍ എത്താത്തത്. അല്ലാതെ ബിജെപിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും സൂര്യനെപ്പോലെ എത്താനാവത്ത അത്രയും ദൂരത്തിലാണ്, കരിഞ്ഞുപോകും. ഏതെങ്കിലും ഒത്തുതീര്‍പ്പുകള്‍ നടത്തുന്ന പാര്‍ട്ടിയല്ല സിപിഎമ്മും ഇടത് മുന്നണിയും’, എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണക്കടത്ത് കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരുകളല്ല, അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം കേന്ദ്രത്തിന് കീഴിലുള്ള ഏജന്‍സികള്‍ക്കാണ്. വിമാനത്താവളം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. കേന്ദ്രത്തിന്റെ വിവിധ സംവിധാനങ്ങള്‍ അന്വേഷിച്ച ആ കേസ് എവിടെപ്പോയി. ഇതെല്ലാം മറച്ചുവെച്ചിട്ട് ആളെ പറ്റിക്കാന്‍ ഒരു പൈങ്കിളി സ്റ്റൈലില്‍ സ്വര്‍ണക്കടത്തിന്റെ ഓഫീസ് ഏതെന്നറിയാമെന്ന് പ്രധാനമന്ത്രി പറയുന്നു.
ഇത്ര വര്‍ഷമായിട്ട് ഈ കേസ് എവിടെയെത്തി എന്നതിന് മറുപടി പറയണം. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്. സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്തിട്ടുപോലുമില്ല. കേന്ദ്ര ഏജന്‍സികള്‍ ചെയ്യാത്ത കാര്യംമറ്റുള്ളവരുടെ തലയില്‍ എന്തിന് കെട്ടിവെക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനോ സിപിഎമ്മിനോ ഒരു ഭയവും ഇല്ല. നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം വന്നത്. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലായാലും കുഴപ്പമില്ലെന്ന തരത്തില്‍ ലാഘവത്തോടെയാണ് ഇതെല്ലാം പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പറയുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വരാണസിയിലാണ് ബിജെപി ഐടി സെല്‍ നേതാക്കള്‍ ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശക്തികേന്ദ്രങ്ങളില്‍ ബിജെപി സ്ത്രീകളോട് കാണിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണിത്. ബിജെപിയുടെ എംപിക്കെതിരെ ഗുസ്തി താരങ്ങളുടെ ആരോപണങ്ങളും പ്രതിഷേധങ്ങളും ഡല്‍ഹിയില്‍ നാം കണ്ടു.
ഇതിലും മണിപ്പൂരിലും എല്ലാം മൗനം പാലിക്കുന്ന പ്രധാനമന്ത്രിയാണ് ഇവിടെ വന്ന് സ്ത്രീശാക്തീകരണത്തെ കുറിച്ച് വലിയ വര്‍ത്തമാനം പറയുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
തൃശൂരില്‍ എന്തോ വലിയ ഭൂകമ്പം സൃഷ്ടിക്കാന്‍ പോകുകയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. തൃശൂര്‍ തൊടാന്‍ പോകുന്നില്ല. ഒരു സീറ്റുംപിടിക്കാന്‍ പോകുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പറഞ്ഞത് 30 പ്ലസ് എന്നായിരുന്നു. എന്നിട്ടോ, ഉള്ള ഒന്നുംപോയി. ഭരണകൂടസ്ഥാനപനങ്ങളെ എല്ലാം തകര്‍ത്ത് ഫാസിസത്തിലൂടെ യാത്രനടത്തുന്ന ബിജെപിക്ക് കേരളംപോലുള്ള ഒരു സംസ്ഥാനത്ത് സ്ഥാനമില്ല. സാര്‍വദേശീയ മതങ്ങളായ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗത്തിലെ ജനങ്ങളെ കേരളത്തില്‍ വിന്യസിച്ചതുപോലെ ജനസംഖ്യാടിസ്ഥാനത്തില്‍ വിന്യസിച്ച ഒരു രാജ്യവും നാടും ഈ ഭൂമിയില്‍വേറെയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അയോധ്യാക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നുകരുതി സിപിഎം ഇന്ത്യാ മുന്നണിയില്‍ നിന്ന് പിന്‍മാറില്ല. ബിജെപിയെ പ്രതിരോധിക്കാനുള്ള ഒരു ആയുധമാണ് ഇന്ത്യ എന്ന വിശാലമായവേദി. അതിനെ ശക്തിപ്പെടുത്തണമെന്നാണ് ഞങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് പറയാനുള്ളത്.
എല്ലാ പോലീസും സര്‍ക്കാര്‍ നയം നടപ്പിലാക്കുമെന്ന ധാരണവേണ്ട. തെറ്റായ നിലപാട് സ്വീകരിക്കുന്നവരെ ശരിയായ നിലയിലേക്ക് കൊണ്ടുവരുമെന്നും കണ്ണൂരിലുണ്ടായ സംഭവം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.