KeralaNews

രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുൾ ഇപ്പോൾ മനസിലായി; എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് പോകില്ല’

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് നരേന്ദ്രമോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായത്. ബി.ജെ.പിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുകപൂര്‍വം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘200-ഓളം മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും ഇപ്പോള്‍ ബി.ജെ.പിയിലാണ്. മൂന്ന് പി.സി.സി. പ്രസിഡന്റുമാര്‍ ഇപ്പോള്‍ ബി.ജെ.പി. നേതാക്കളായി മാറി. പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് ഇപ്പോള്‍ കാല് മാറി ബി.ജെ.പിയില്‍ പോയത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് എപ്പോഴും ബി.ജെ.പിയാവുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നത്’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്. ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കേരളത്തെ മനസിലാക്കിയ എല്ലാവര്‍ക്കും അറിയാം. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ചാണ് മോദി പറഞ്ഞതെന്ന് ഗൗരവപൂര്‍വ്വവും കൗതുകപൂര്‍വ്വവും പരിശോധിക്കണം. ബി.ജെ.പിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോണ്‍ഗ്രസിനെ നയിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ്’, ഗോവിന്ദന്‍ പറഞ്ഞു.

ഇടുക്കിയിലെ സി.പി.എം. നേതാവ് ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തയെ കുറിച്ചും സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജേന്ദ്രനുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നടപടി കാലാവധി കഴിഞ്ഞാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button