തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന മറുപടി നൽകി
സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ. സിപിഎമ്മിന് എൻഎസ്എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാർത്ഥി സന്ദർശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്.
പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
അതേ സമയം, മുഖ്യമന്ത്രിയുടെ മകൾ അടക്കം ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ചോദ്യം തുടങ്ങിയപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി.