'നിലപാടിന്റെ ഭാഗം': സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നതായി എം. സ്വരാജ്

കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിക്കുന്നതായി അറിയിച്ചുകൊണ്ട് എം. സ്വരാജിന്റെ ഫേസ് ബുക് പോസ്റ്റ്. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ്.

മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ പുരസ്‌കാരവിവരം അറിഞ്ഞത് വൈകിയാണെന്നും ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് വളരെ മുമ്പുതന്നെ എടുത്തിട്ടുള്ളതാണെന്നും സ്വരാജ് വ്യക്തമാക്കുന്നു.

മുമ്പും പുരസ്‌കാരത്തിനായി ട്രസ്റ്റുകളും സമിതികളും പരിഗണിച്ചപ്പോള്‍ എടുത്ത അതേ നിലപാട് തുടരുന്നുവെന്നും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയായി വന്നതുകൊണ്ടാണ് പരസ്യമായി നിലപാട് അറിയിക്കുന്നതെന്നും സ്വരാജ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

എം. സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്.

മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാല്‍ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടിവന്നത്.

പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം. – എം സ്വരാജ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News