കൊച്ചി: ട്വന്റി ട്വന്റിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും വോട്ടുകള്‍ സംബന്ധിച്ച തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തവര്‍ തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. താന്‍ ട്വന്റി ട്വന്റിയുടേയും ആം ആദ്മി പാര്‍ട്ടിയുടെയും പിന്തുണ തേടിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറഞ്ഞത് ദുര്‍വ്യഖ്യാനം ചെയ്തു എന്നാണ് സ്വരാജ് പറഞ്ഞത്. ആം ആദ്മിയും ട്വന്റി ട്വന്റിയും അഴിമതിക്ക് എതിരാണ് എന്ന് അവര്‍ പറയുന്നു.
വികസനത്തിന് വേണ്ടി വാദിക്കുന്നവരാണ് എന്നാണ് അവര്‍ പറയുന്നത്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരും രാഷ്ട്രീയത്തില്‍ വരണമെന്നും ഇവര്‍ പറയുന്നു. അങ്ങനെ എങ്കില്‍ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാം എന്നാണ് താന്‍ പറഞ്ഞതെന്ന് സ്വരാജ് വിശദീകരിച്ചു. വികസനത്തെ പിന്തുണയ്ക്കുന്ന ഏതൊരാള്‍ക്കും ഇടതുപക്ഷത്തെ പിന്തുണക്കാനേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കൂ എന്നും എല്‍ ഡി എഫിന്റേത് വികസന നയമാണ് എന്നും അദ്ദേഹം പറഞ്ഞു.
അഴിമതി വിരുദ്ധ പോരാട്ടത്തിന് കേരളത്തില്‍ ഇടതുപക്ഷമാണ് നേതൃത്വം നല്‍കുന്നത് എന്നും സ്വരാജ് പറഞ്ഞു. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്ന് വരണം എന്ന് ആഗ്രഹിക്കുന്നവരും എല്‍ ഡി എഫിന് വോട്ട് ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണ് എല്‍ ഡി എഫിന്റേതെന്നും സ്വരാജ് വ്യക്തമാക്കി. ആം ആദ്മിയും ട്വന്റി ട്വന്റിയും ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന രാഷ്ട്രീയ സഖ്യത്തെ കുറിച്ചാണെന്നും സ്വരാജ് പറഞ്ഞു.
ആം ആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും നിലപാട് ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അതുകൊണ്ട് തൃക്കാക്കരയില്‍ ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആയിരുന്നു എം സ്വരാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ആം ആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും സഖ്യമായ ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകള്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്നായിരുന്നു തൃക്കാക്കര മണ്ഡലം സെക്രട്ടറി കൂടിയായ സ്വരാജ് പറഞ്ഞത്. നാലാം മുന്നണിയിലെ രണ്ട് പാര്‍ട്ടികളും കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പാര്‍ട്ടികളാണെന്നും മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വരുന്നവരാണെന്നും സ്വരാജ് പറഞ്ഞിരുന്നു.
അവര്‍ മുന്നോട്ട് വെച്ചുള്ള നിലപാട് പ്രകാരം അവര്‍ക്ക് ആശയപരമായി പിന്തുണക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇടതുപക്ഷമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രി എം വി ഗോവിന്ദന് പറഞ്ഞിരുന്നു. കേരളത്തില്‍ ഒരു മതനിരപേക്ഷ ബദല്‍ ഉണ്ടെന്നും അതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം ഇവിടെ വിലപ്പോകില്ലെന്നുമായിരുന്നു ജനക്ഷേമ സഖ്യത്തെ കുറിച്ച് എം വി ഗോവിന്ദന് പറഞ്ഞത്. കേരളത്തില്‍ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ലെന്നും വിമര്‍ശിച്ചതിന്റ പേരില്‍ മാപ്പു പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് ആരെങ്കിലും പറഞ്ഞത് കൊണ്ട് മാറ്റാനാകില്ല. കമ്പനിയെയോ വ്യക്തിയെയോ നോക്കിയല്ല വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് അതിന്റേതായ മാതൃകയുണ്ട്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണെന്നും ഇന്ത്യയില്‍ ഭരണം പിടിച്ചവര്‍ക്ക് പോലും കേരളം പിടിക്കാന്‍ സാധിക്കുന്നില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞിരുന്നു.