KeralaNews

ഇത് അടിയന്തരാവസ്ഥകാലമല്ല,കെ.എസ്.ഇ.ബി ചെയർമാനെ തള്ളി എം.എം.മണി

കണ്ണൂർ : കെഎസ്ഇബിയിലെ (KSEB)ഇടത് സംഘടനയുടെ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്ഥകാലമല്ലെന്നും ചെയർമാന്റെ നടപടി ശരിയായില്ലെന്നും എംഎം മണി തുറന്നടിച്ചു. തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന മുന്നറിപ്പോടെയാണ് എം എം മണി ഇക്കാര്യത്തിൽ പ്രതികരിച്ചത്. കെഎസ് ഇബി ചെയർമാന്റെ നടപടി ശരിയായില്ലെന്നും കഴിവുള്ളവർക്കെതിരെയാണ് നടപടിയെടുത്തതെന്നും മണി പറഞ്ഞു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട മണി, വൈദ്യുതി വകുപ്പ് മന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് ചെയർമാൻ സസ്പെൻഡ് ചെയ്തത്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ. 

വിഷയത്തിൽ ചെയർമാനെ തള്ളാതെയായിരുന്നു നേരത്തെ വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയ‍ര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി വിശദീകരിക്കുന്നു. പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്‍റേയും,സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിന്‍റേയും സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്നും കരിദിനം ആചരിക്കും. 


കെ എസ്‌ ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം.

ഇന്ന് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ ‘സമരക്കാരെ പിരിച്ചുവിടും’ എന്ന തലക്കെട്ട് തെറ്റിദ്ധാരണാ ജനകവും വസ്തുതാ വിരുദ്ധവുമാണ്. സമരത്തിന്റെ മറവിൽ അക്രമപ്രവർത്തനം നടത്തുകയോ കെ എസ്‌ ഇ ബിയുടെ വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ  നടപടിയെടുക്കാനാണ് കെ എസ് ഇ ബി മാനേജ്മെന്റ് തീരുമാനിച്ചിട്ടുള്ളത്.
കേവലം പ്രതിഷേധിച്ചവർക്കെതിരെ ഒരു നടപടിയും ആലോചിച്ചിട്ടില്ലെന്നും കെ എസ്‌ ഇ ബി ചെയർമാൻ വിശദീകരിക്കുന്നു. 


സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ  ജാസ്മിന്‍ബാനുവിന്‍റെ സസ്പെന്‍ഷനാണ് പുതിയ പോരിന് വഴിവച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതിന്‍റെ പേരിലായിരുന്നു സസ്പെന്‍ഷന്‍. എന്നാല്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിന്‍ അവധിയില്‍ പോയതെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. സസ്പെന്‍ഷൻ പിന്‍വലിക്കാന്‍ നിവേദനം നല്‍കിയ ജീവനക്കാരിയെ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഇതിനെതിരായ സമരമാണ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്പെൻഷനിലേക്ക് വഴിവെച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button