പൈനാവ്: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ വിമർശനവുമായി മുൻമന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി. പാതിരാത്രിയിൽ ഡാം തുറക്കുന്ന തമിഴ്നാട് സർക്കാർ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു.
മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എം.എം. മണി പറഞ്ഞു. ഇത് പറയാൻ ആർജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, മുല്ലപ്പെരിയാർ ഡാം ജലബോംബായി വണ്ടിപ്പെരിയാറിന് മുകളിൽ നിൽക്കുകയാണെന്ന് എം.എം മണി പറഞ്ഞിരുന്നു. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച നിർമ്മിച്ച മുല്ലപ്പെരിയാർ ഡാമിന്റെ അകം കാലിയായി. വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാർ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസം അവസാനിപ്പിച്ചു. ചെറുതോണിയിലാണ് 24 മണിക്കൂർ ഉപവസിച്ചത്. കേരളത്തിലെ ഭരണകൂടത്തിനുണ്ടായ തകർച്ചയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന് കാരണമെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാറിൽ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി. രാത്രി ഡാം തുറക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയേയും മേല്‍നോട്ട സമിതിയേയും വീണ്ടും അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നു. പകൽ തുറന്ന് വിടുന്നതിനേക്കാൾ കൂടുതൽ വെള്ളം ഇപ്പോൾ രാത്രിയില്‍ തുറന്ന് വിടാത്തത് ആശ്വാസകരമെന്ന് റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.
വൃഷ്ടി പ്രദേശത്ത് കനത്ത മഴയുള്ളതിനാൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും നീരൊഴുക്ക് തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പരിധിയിലേക്ക് ഉയരുകയാണ്. 2400.98 അടിയാണ് ഇപ്പോൾ ജലനിരപ്പ്. 2401 അടിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്