തൊടുപുഴ: ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതികരണവുമായി എം എം മണി. ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം ആസൂത്രിതമാണ്. ധീരജിനെ കുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ വേറെയും കേസുകളില്‍ പ്രതിയാണെന്ന് എം എം മാണി പ്രതികരിച്ചു.
ഇതിനിടെ ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം രംഗത്തെത്തി. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും റഹിം കുറ്റപ്പെടുത്തി.
ഇന്നുച്ചയ്ക്കാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. കെ.എസ്.യു-എസ്എഫ്ഐ സംഘര്‍ഷത്തിനിടയിലാണ് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നു ഉച്ചയോടെ ചെറിയ തര്‍ക്കം കാമ്പസില്‍ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇതു അവസാനിച്ച ശേഷം കാന്പസിനു പുറത്തേക്കു വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയവരുമായി സംഘര്‍ഷം മൂര്‍ഛിക്കുകയായിരുന്നു. ഇതോടെ ആയുധവുമായി എത്തിയയാള്‍ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്.
പ്രാദേശികമായി അറിയപ്പെടുന്ന നിഖില്‍ പൈലി എന്നയാളാണ് കുത്തിയതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. ഇയാള്‍ ആയുധവുമായി അക്രമമുണ്ടാക്കാന്‍ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കള്‍ ആരോപിച്ചു. സംഭവം ആസൂത്രിതമാണെന്ന് മുന്‍ മന്ത്രി എം.എം.മണി പ്രതികരിച്ചു. കുത്തിയ ആള്‍ കളക്ടറേറ്റ് ഭാഗത്തേക്ക് ഓടിപ്പോകുന്നതു കണ്ടതായിട്ടാണ് നേതാക്കള്‍ പറയുന്നത്. കാമ്പസില്‍ ഒരു സംഘര്‍ഷവും നിലവില്‍ ഇല്ലായിരുന്നെന്നും ശാന്തമായി പോകുന്ന കാന്പസ് ആണെന്നും മണി പറഞ്ഞു. കൊലപാതകം നടത്താന്‍ കരുതിക്കൂട്ടി ആയുധവുമായി എത്തിയവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഒരാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാള്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് മാധ്യമങ്ങളോടു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ .ബിന്ദു സംഭവത്തെ അപലപിച്ചു. വിദ്യാര്‍ഥികള്‍ക്കു ജീവന്‍ നഷ്ടപ്പെടുന്ന രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതു ഞെട്ടിക്കുന്നതും സങ്കടകരവുമായ കാര്യമാണെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ ധീരജ് രാജശേഖരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോകും. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം വിവിധ രാഷ്ട്രീയ നേതാക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.