ഇടുക്കി: പാര്‍ട്ടിയാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് എംഎം മണി എപ്പോഴും പറയാറുണ്ടെങ്കിലും ഇന്നലെ നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം കണ്ടവര്‍ക്കെല്ലാം എന്തിനാണ് അക്കാര്യം പറയുന്നതെന്ന് ബോദ്ധ്യമായി. എം.എം. മണിയുടെ പേരില്‍ 2.45 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരം.
ഇതില്‍ 2.10 കോടി രൂപയും മണിയുടെ പേരിലുള്ള മൂന്നാറിലെ സി.പി.എം പാര്‍ട്ടി ആഫീസടക്കമുള്ള 21 സെന്റ് സ്ഥലത്തിന്റെ മൂല്യമാണെന്നതാണ് കൗതുകം. മൂന്നാറിലെ പാര്‍ട്ടി ആഫീസിരിക്കുന്ന 21 സെന്റ് സ്ഥലം 1999ല്‍ മണി ജില്ലാ സെക്രട്ടറിയായിരിക്കെ ലോക്കല്‍ കമ്മിറ്റി വാങ്ങിയതാണ്. ഈ സ്ഥലത്തിന് 42 ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുണ്ട്. ഇവിടെയുള്ള പാര്‍ട്ടി ആഫീസിന് 1.68 കോടി രൂപ മൂല്യമുണ്ട്. അങ്ങനെയാണ് എംഎം മണി കോടീശ്വരനായത്.
മണിയുടെ കുഞ്ചിത്തണ്ണിയിലുള്ള 42 സെന്റ് സ്ഥലത്തിനും വീടിനും കൂടി 30 ലക്ഷം രൂപ മൂല്യമുണ്ട്. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയുടെ പേരില്‍ 56 ഗ്രാം സ്വര്‍ണവും കൈവശം 5,000 രൂപയുമുണ്ട്.എം.എം. മണിയുടെ കൈവശമുള്ളത് 10,500 രൂപയാണ്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി മണിക്ക് 17524 രൂപയുടെ നിക്ഷേപമുണ്ട്. മറ്റ് നിക്ഷേപങ്ങളെല്ലാം ചേര്‍ത്ത് ആകെയുള്ള സമ്പാദ്യം 54,024 രൂപ.