ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂവെന്ന് എംഎം മണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ പ്രതികരണം. അത്തരം കൊഴിഞ്ഞ് പോക്കുകളൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല, ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്‍റെ പ്രശ്നങ്ങളാണ്, ജനങ്ങളുടെ പ്രശ്നങ്ങളാണെന്നും എംഎം മണി പറഞ്ഞു.
വലതുപക്ഷത്തിന്‍റെ കോടാലി കയ്യായി പി വി അൻവർ മാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ അൻവറിന്‍റെ വാർത്താ സമ്മേളനത്തോട് പ്രതികരിച്ചത്. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്നും എംവി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും എഡിജിപി എംആർ അജിത്ത് കുമാറിനെതിരെയും ഉയര്‍ത്തിയ ആരോപണത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യപ്രതികരണം വിലക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരകെ രൂക്ഷ വിമർശനവുമായി പിവി അൻവർ നിലമ്പൂരിൽ വാർത്താ സമ്മേളനം വിളിച്ച് ചേർത്തത്. എഡിജിപി തരുന്ന വാറോല വായിക്കുന്ന ഗതികേടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയെന്നും തന്നെ മുഖ്യമന്ത്രി ചതിച്ചെന്നും പറഞ്ഞ അൻവർ പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിന് അക്കമിട്ട് മറുപടി നൽകി.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് വെല്ലുവിളിച്ച പിവി അൻവർ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തുറന്നടിച്ചു. സിപിഎമ്മില്‍ ഏകാധിപത്യ മനോഭാവമാണെന്നും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുപോലും അതിന് കീഴടങ്ങേണ്ടിവന്നെന്നും അൻവർ പരിഹസിച്ചു. സ്വന്തം പാര്‍ട്ടി എംഎല്‍എയില്‍നിന്നാണ് അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രിക്കുനേരെ ഇത്രയും രൂക്ഷമായ വിമര്‍ശനമുണ്ടായതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. എന്തായാലും അൻവർ ഉയർത്തിയ ചോദ്യങ്ങൾ സിപിഎമ്മിനും മുഖ്യമന്ത്രിക്കും തീരാ തലവേദനയാകും.