KeralaNews

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; കെ.എസ്.ഇ.ബി ചെയര്‍മാനെതിരേ എം.എം മണി

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുതിമന്ത്രി എം.എം.മണി രംഗത്ത്. കെഎസ്ഇബിയിലെ ഇടതു തൊഴിലാളി യൂണിയനുകളും ചെയര്‍മാന്‍ ബി.അശോകും തമ്മിലുള്ള പോരില്‍ യൂണിയനുകള്‍ക്ക് മറുപടി എന്ന നിലയില്‍ കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയര്‍മാന്‍ ഇട്ട പോസ്റ്റ് ആണ് മുന്‍മന്ത്രി എം.എം.മണിയെ ചൊടിപ്പിച്ചത്.

കെഎസ്ഇബിയുടെ ഭൂമിയും മറ്റും ക്രമവിരുദ്ധമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പാട്ടത്തിനു നല്‍കിയെന്നതടക്കമുള്ള ആക്ഷേപങ്ങളായിരുന്നു ബി.അശോകിന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതിനെതിരേയാണ് മുന്‍മന്ത്രി രംഗത്തുവന്നത്. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്‍ ഫേസ്ബുക്ക് വഴി പ്രതികരിച്ചതെന്നായിരുന്നു മണിയുടെ ചോദ്യം. കെഎസ്ഇബിയില്‍ കാര്യങ്ങള്‍ അവതാളത്തിലാണെന്നും പോലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ട ഗതികേട് മുന്പ് ഉണ്ടായിട്ടില്ലെന്നും മണി കുറ്റപ്പെടുത്തി.

ചെയര്‍മാനെതിരേ സിഐടിയു- എഐടിയുസി സംഘടനകള്‍ സംയുക്തമായി ആസ്ഥാനത്തിനു മുന്നില്‍ സമരം ആരംഭിച്ചതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പോലീസ് കാവലിന്റെ കാര്യം അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിനുശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും മണി പറഞ്ഞു.

അതേസമയം, മുന്‍ മന്ത്രി എം.എം. മണിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു ചില അതിലേക്കു മുന്‍ മന്ത്രി അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക് മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെഎസ്ഇബിയില്‍ അഴിമതി നടന്നതായി താന്‍ പറഞ്ഞിട്ടില്ലെന്നും എം.എം.മണിയുമായി വളരെ അടുത്ത ബന്ധവും സൗഹൃദവുമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഭൂമി പാട്ടത്തിനു നല്‍കിയതില്‍ ക്രമക്കേടുണ്ടായി എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button