ഉക്രൈന്‍ റഷ്യക്കിട്ട് വേല വെക്കാന്‍ നോക്കി, അതാണ് യുദ്ധത്തിന്റെ കാതല്‍: എം.എം മണി

തിരുവനന്തപുരം: ഉക്രൈന്‍ റഷ്യ യുദ്ധത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം മണി. ഉക്രൈന്‍, നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യക്കിട്ട് വേല വെയ്ക്കാന്‍ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ അടിസ്ഥാനമെന്ന് മണി ഒരു ചാനലിനോട് പ്രതികരിച്ചു. യുദ്ധം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വ്യക്തമാക്കിയ അദ്ദേഹം, സമാധാനപരമായി ചര്‍ച്ചകള്‍ ചെയ്ത് യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഉക്രൈനില്‍ മലയാളി കുട്ടികള്‍ കുടുങ്ങിയ സ്ഥലം പറഞ്ഞാല്‍ നമുക്ക് ഇടപെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉക്രൈനെ വരിഞ്ഞു മുറുക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കീവിന് പിന്നാലെ സുമിയിലും തെരുവ് യുദ്ധം ആരംഭിച്ചു. കീവിലെ വാതക പൈപ്പ് ലൈനും ഉക്രൈന്‍ എണ്ണ സംഭരണശാലയും റഷ്യന്‍ സൈന്യം തകര്‍ത്തിരുന്നു. വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്ക് പിന്നാലെ ഉയര്‍ന്ന പുക, പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കിഴക്കന്‍ ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. സുമിയില്‍ ഇരു രാജ്യത്തിന്റെയും സൈന്യങ്ങള്‍ തമ്മിലുള്ള ആക്രമണം ശക്തമാവുകയാണ്.വ്യാഴാഴ്ച ഉക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ, ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യം വിട്ടത് രണ്ട് ലക്ഷത്തോളം ഉക്രൈന്‍ സ്വദേശികള്‍ ആണ്.

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം 1 ദശലക്ഷം മുതല്‍ 5 ദശലക്ഷം വരെ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നാണ് പ്രവചനം. കീവ് കീഴ്പ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News