ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ പ്രവചിച്ചുകൊണ്ട് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്ത്. സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഏതുസമയത്തും താഴെവീഴാമെന്നും അതിനാൽ ഭരണത്തിലേക്ക് തിരിച്ചുവരാൻ പാർട്ടി പ്രവർത്തകർ സർവസജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചെന്നൈയിൽ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് സ്റ്റാലിൻ ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. 2029-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ നേതാവെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരാജയകാരണങ്ങൾ കണ്ടെത്താൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലത്തെ 'രാഷ്ട്രീയ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. അഞ്ചുവർഷത്തെ ഡിഎംകെ ഭരണത്തോട് പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പ് വോട്ടാക്കി മാറ്റുന്നതിൽ പാർട്ടി സംവിധാനം പരാജയപ്പെട്ടുവെന്ന് അദ്ദേഹം സ്വയം വിമർശനം നടത്തി. രാഷ്ട്രീയ പോരാട്ടങ്ങൾ ഇപ്പോൾ തെരുവുകൾക്ക് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയെന്നും അതിനാൽ ഓരോ പ്രവർത്തകനും ഓൺലൈൻ ഇടങ്ങളിൽ സജീവമാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാനും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താനുമായി www.udanpirapinkural.in എന്ന വെബ്‌സൈറ്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പരാജയത്തിൽ പരസ്പരം കുറ്റപ്പെടുത്താതെ വരാനിരിക്കുന്ന പോരാട്ടത്തിന് ഒരുങ്ങാനാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയ സന്ദേശം.
അതേസമയം , കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍, സത്യപ്രതിജ്ഞാ ചടങ്ങിലെ വിരുന്നുകാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനുമായി വ്യക്തിപരമായ സൗഹൃദം പുലര്‍ത്തുന്ന വിജയ്, തലസ്ഥാന നഗരിയില്‍ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ പ്രവര്‍ത്തകരും. 'ഇന്ത്യാ' സഖ്യത്തിലെ എല്ലാ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചേക്കും.
തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമായി മാറിയ വിജയ്, കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. നിലവില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് വിജയ്യുടെ പാര്‍ട്ടി. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയില്‍ ഉറച്ചുനില്‍ക്കുന്ന വിജയ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവ് കൂടിയാണ്. ഈ ദേശീയ-പ്രാദേശിക ബന്ധങ്ങളാണ് സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിജയ്യെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.


