KeralaNews

നന്ദി സഖാവേ… ഫാസിസ്റ്റ് ശക്തികളെ അകറ്റാന്‍ ഒന്നിച്ച്‌ നില്‍ക്കാം’; പിണറായിയുടെ ആശംസയ്ക്ക് സ്റ്റാലിന്‍റെ മറുപടി

ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേര്‍ന്ന പിറന്നാളാശംസയ്ക്ക് മലയാളത്തില്‍ മറുപടി കുറിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന സഖാവ് സ്റ്റാലിന്റെ പ്രയത്നത്തിന് നന്ദി എന്നാണ് പിണറായി വിജയന്‍ കുറിച്ചത്. ഫെഡറലിസത്തേയും മതേതരത്വത്തെയും നമ്മുടെ മാതൃഭാഷകളേയും സംരക്ഷിക്കാനുള്ള നിലപാടുകള്‍ കൊണ്ട് താങ്കള്‍ രാജ്യത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നുവെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനുള്ള മറുപടിയായി ‘ആശംസകള്‍ക്ക് നന്ദി സഖാവേ’ എന്നാണ് സ്റ്റാലിന്‍ കുറിച്ചത്. തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നേക്കുമായി അകറ്റിനിര്‍ത്താന്‍ നമുക്ക് ഒരുമിച്ച്‌ പ്രവര്‍ത്തിക്കാം’ എന്നും സ്റ്റാലിന്‍ മലയാളത്തില്‍ മറുപടിയെഴുതി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് അടക്കം ഒട്ടേറെ പ്രമുഖര്‍ സ്റ്റാലിന് പിറന്നാളാശംസകള്‍ നേര്‍ന്നു.

സ്റ്റാലിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ വലിയ ആഘോഷ പരിപാടികളാണ് ഡിഎംകെ തമിഴ്നാട്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസംഗമമായി ഡിഎംകെ മഹാറാലി നടത്തുന്നതിനാണ് തീരുമാനം. ചെന്നൈ നന്ദനത്തുള്ള വൈഎംസിഎ ഗ്രൗണ്ടിലാണ് മെഗാറാലി നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, എസ് പി അധ്യക്ഷനായ അഖിലേഷ് യാദവ്, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കും.

കുഞ്ഞുങ്ങള്‍ക്ക് മോതിരവിതരണം, കര്‍ഷകര്‍ക്ക് വിത്തുവിതരണം തുടങ്ങി തദ്ദേശ തലത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടികള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ആഢംബര ആഘോഷവും വേണ്ടെന്നും ചടങ്ങുകള്‍ ലളിതമാകണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button