KeralaNews

എം.ജി. സർവകലാശാലയ്ക്ക് 709.68 കോടിയുടെ ബജറ്റ്,കോവിഡ് 19 ഗവേഷണത്തിന് ഊന്നൽ; വിദ്യാർഥികൾക്ക് ആശ്വാസ പദ്ധതികൾ, ബജറ്റ് അവതരിപ്പിച്ച് കൊച്ചി മേയർ

കോട്ടയം:കോവിഡ് 19 ഗവേഷണ പദ്ധതികൾക്ക് ഊന്നൽ നൽകിയും ഭക്ഷ്യ പരിശോധന ലാബോറട്ടറിയും സ്‌പോർട്‌സ് ഹബും അത്യാധുനിക ലൈബ്രറി സമുച്ചയവും പ്രസും നിർമിക്കാനുള്ള നവീന പദ്ധതികൾ മുന്നോട്ടുവച്ചും മഹാത്മാഗാന്ധി സർവകലാശാല 2021-22 ബജറ്റ്. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റ് യോഗത്തിൽ സിൻഡിക്കേറ്റ് സാമ്പത്തികാര്യ ഉപസമിതി കൺവീനറും കൊച്ചി മേയറുമായ അഡ്വ.എം.അനിൽകുമാർ ബജറ്റ് അവതരിപ്പിച്ചു.

കോവിഡ് 19 ഗവേഷണവുമായി ബന്ധപ്പെട്ട അഞ്ചു ഗവേഷണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1.69 കോടി രൂപ വകയിരുത്തി. കോവിഡ് 19 മൂലം അക്കാദമിക രംഗത്ത് ബുദ്ധിമുട്ടു നേരിടുന്ന വിദ്യാർഥികൾക്ക് സഹായം ലഭ്യമാക്കുന്നതിനായി 20 ലക്ഷം രൂപ ചെലവഴിക്കും. ഭക്ഷ്യ പരിശോധനയ്ക്കും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി സർവകലാശാലയിൽ എൻ.എ.ബി.എൽ. അംഗീകാരത്തോടെ ഭക്ഷ്യ പരിശോധന ലബോറട്ടറി സ്ഥാപിക്കാൻ രണ്ടു കോടി രൂപ ചെലവഴിക്കും. അഞ്ചു കോടി രൂപ ചെലവഴിച്ച് സർവകലാശാലയിൽ അത്യാധുനിക ലൈബ്രറി സമുച്ചയം നിർമിക്കും. വിദ്യാർഥികൾ പ്രവേശനം നേടുന്നതു മുതൽ ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഓൺലൈനാക്കുന്നതിനായി സമഗ്രമായ സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി.

പഠനത്തോടൊപ്പം വരുമാനവും വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നതിനായി ‘പഠനത്തോടൊപ്പം വരുമാനവും’ പദ്ധതി നടപ്പാക്കും. പി.ജി., ഗവേഷണ വിദ്യാർഥികൾക്ക് പെയ്ഡ് കോൺട്രാക്റ്റ് ലക്ചർ അവസരവും ലാബ് പരിശോധന അസിസ്റ്റന്റ് അവസരങ്ങളും ലഭ്യമാക്കുന്നതിനായി 10 ലക്ഷം രൂപ മാറ്റിവച്ചു. പ്രകൃതിദത്ത നാരുകൾ, അവശിഷ്ടങ്ങൾ, പോള, വാഴനാര്, കയർ അവശിഷ്ടങ്ങൾ എന്നിവയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന പദ്ധതിക്കായി പ്രത്യേക കേന്ദ്രം സ്ഥാപിക്കും. പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ ചെലവഴിക്കും. വിദ്യാർഥി സംരംഭകത്വം വളർത്തുന്നതിനുള്ള സ്റ്റുഡന്റ്‌സ് അമിനിറ്റീസ് ആൻഡ് ഇൻക്യുബേഷൻ സെന്ററിന് 9.13 കോടി രൂപ മാറ്റിവച്ചു. എസ്.സി./എസ്.ടി. വിദ്യാർഥികൾക്കും ട്രാൺസ്‌ജെൻഡർ വിദ്യാർഥികൾക്കും രാജ്യാന്തര സെമിനാറുകളിലും മത്സരപ്പരീക്ഷകളിലും കായിക മത്സരങ്ങളിലും മത്സരപരീക്ഷപരിശീലനത്തിലും പങ്കെടുക്കുന്നതിന് ധനസഹായം നൽകാൻ 1.05 കോടി രൂപ ചെലവിൽ പ്രത്യേക പദ്ധതി നടപ്പാക്കും. നൂതനവിജ്ഞാന മേഖലകളിൽ അധ്യാപനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി യു.ജി.സി. പ്ലീസ് പദ്ധതിക്കായി 5 കോടി രൂപ വകയിരുത്തി.

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അതിവേഗ ഡേറ്റ നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന അപ്‌ഗ്രേഡിങ് നാഷണൽ നോളഡ്ജ് നെറ്റ്‌വർക്ക് ഫെസിലിറ്റി പദ്ധതിക്കായി 25 ലക്ഷം രൂപ ചെലവഴിക്കും. സർവകലാശാലയിൽ അത്യാധുനിക പ്രസ് സ്ഥാപിക്കുന്നതിനായി ഒന്നാംഘട്ടമായി രണ്ടു കോടി രൂപ വിലയിരുത്തി. സർവകലാശാല സേവനങ്ങൾ ആധുനികവത്കരിക്കുന്നതിനായി ഓഫീസ് ഓട്ടോമേഷന് ആറു കോടി രൂപ മാറ്റിവച്ചു. മുൻ വൈസ് ചാൻസലറും ജ്ഞാനപീഠം ജേതാവുമായ ഡോ. യു.ആർ. അനന്തമൂർത്തിയുടെ സ്മരണാർഥം സർവകലാശാലയിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കും. ഒന്നാംഘട്ട നിർമാണത്തിനായി ഒരു കോടി രൂപ മാറ്റിവച്ചു. സർവകലാശാലയുടെ നിലവിലുള്ള സ്‌റ്റേഡിയം നവീകരിക്കാനും സ്‌പോർട്‌സ് സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സ്‌പോർട്‌സ് ഹബിനായി മൂന്നു കോടി രൂപ ചെലവഴിക്കും. ദുരന്തനിവാരണ പ്രവൃത്തികൾക്കായി പരിശീലനവും ഗവേഷണവും ശക്തിപ്പെടുത്താൻ 41.7 ലക്ഷം രൂപ വകയിരുത്തി. സർവകലാശാല കാമ്പസിൽ സ്‌റ്റേറ്റ് ഓഫ് ദി ആർട് ഓഡിറ്റോറിയം നിർമിക്കാനായി പ്രാരംഭമായി അഞ്ചുലക്ഷം രൂപ ചെലവഴിക്കും. ഗവേഷക വിദ്യാർഥികൾക്ക് രാജ്യാന്തര അക്കാദമിക സെമിനാറുകളിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ 10 ലക്ഷവും വിദ്യാർഥി കൈമാറ്റ പരിപാടികൾക്ക് അഞ്ചു ലക്ഷവും രാജ്യാന്തര സ്‌കോളർമാർക്കും വിദ്യാർഥികൾക്കും താമസസൗകര്യം ഒരുക്കുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി. ധ്രുവപഠനങ്ങൾക്കായി അന്തർദ്ദേശീയ കേന്ദ്രം സ്ഥാപിക്കും. സർവകലാശാല കാമ്പസിനെ ജൈവവൈവിധ്യ കലവറയാക്കുന്നതിനും മാലിന്യസംസ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനുമായി ഗ്രീൻ കാമ്പസ് സീറോ വേസ്റ്റ് കാമ്പസ് പദ്ധതി നടപ്പാക്കും. 654.13 കോടി രൂപ വരവും 709.68 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി.

കൊച്ചി മേയറായി ചുമതലയേറ്റ അഡ്വ. എം. അനിൽ കുമാറിന് സർവകലാശാല സ്വീകരണം നൽകി. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസ്, സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ പ്രൊഫ. ബി. പ്രകാശ് കുമാർ, ഫിനാൻസ് ഓഫീസർ ബിജു മാത്യു എന്നിവർ പങ്കെടുത്തു. സർവകലാശാലയുടെ അക്കാദമിക നേട്ടങ്ങളും ഗവേഷണ ഫലങ്ങളും നാടിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നും ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സർവകലാശാലകളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

https://youtu.be/ELIn0l8nHWE

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button