കൊച്ചി:കിറ്റെക്സ് കേരളം വിട്ടു പോകരുത് എന്ന് വ്യവസായി എം എ യൂസഫലി. നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണം. കിറ്റെക്സ് മാനേജ്‌മെന്റും സംസ്ഥാന സർക്കാരും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കണമെന്നും എം എ യൂസഫലി പറഞ്ഞു.
അതേസമയം, 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ അനുനയിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് 6 സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി. എറണാകുളം ജില്ല വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ നേതൃത്വത്തിലാണ് എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം ചർച്ച നടത്തി. പരാതികൾ കേട്ട ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും. സ്വകാര്യ സ്ഥാപനങ്ങളിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇതിനിടെ കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിലെത്തി വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എം.ഡി സാബു എം ജേക്കബുമായി ചർച്ച നടത്തി. 76 നിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ച് തൊഴിൽ വകുപ്പ് വീണ്ടും നോട്ടീസ് നൽകിയെന്ന് കിറ്റെക്സ് എംഡി കുറ്റപ്പെടുത്തി. തർക്കങ്ങൾ പരിഹരിക്കുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും നോട്ടീസ് നൽകി ദ്രോഹിക്കുകയാണെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. മനപ്പൂർവം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരുടെ തെറ്റുകൾ തെളിയിക്കാം. നടപടിയെടുക്കാൻ സർക്കാർ തയ്യാറകണം. അല്ലെങ്കിൽ തുടർ ചർച്ചകളിൽ പങ്കെടുക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
കിറ്റെക്സിന് പിന്തുണയുമായി ബിജെപി രംഗത്തെത്തി. സംസ്ഥാന സർക്കാരിന്‍റെ പ്രതികാര നടപടികളെ തുടർന്നാണ് വ്യവസായങ്ങൾ കേരളം വിടുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. വ്യവസായത്തെ തകർക്കാൻ താൻ മുന്നിട്ടിറങ്ങുന്നുവെന്ന കിറ്റെക്സിന്‍റെ ആരോപണങ്ങൾ തള്ളി കുന്നത്ത്നാട് എംഎൽഎ പി.വി ശ്രീനിജനും രംഗത്തെത്തി. ജനങ്ങളുടെയും തൊഴിലാളികളുടെയും പരാതികൾ പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് എംഎൽഎ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.